തിരുവനന്തപുരം : സമൃദ്ധിയുടെയും , സന്തോഷത്തിന്റെയും ഗതകാല സ്മരണകൾ ഉണർത്തി മലയാളിക്കിന്ന് തിരുവോണം. വറുതിയുടെ കർക്കിടകത്തിനു ശേഷം സമൃദ്ധിയുടെ പൊന്നോണത്തെ ആർഭാടത്തോടെ , അതിരറ്റ ആഹ്ലാദത്തോടെയാണ് നാട് സ്വീകരിക്കുന്നത് . മഴ മുന്നറിയിപ്പുകൾ പലയിടത്തും നിലനിന്നത് തെല്ലൊരു ആശങ്കയ്ക്കിടയാക്കിയെങ്കിലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞില്ല.
മലയാളികൾക്ക് കൂട്ടായ്മയുടെ ഉത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ സകലരും ആഘോഷിക്കുന്ന ഉത്സവം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെയായി കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികളുടെ ഓണാഘോഷം. പൂക്കളവും പൂവിളികളുമായി തിരുവോണത്തെ വരവേറ്റു കഴിഞ്ഞാൽപ്പിന്നെ ഓണസദ്യയാണ്. കൈക്കൊട്ടിക്കളിയും ഓണപ്പാട്ടുകളും ഓണത്തല്ലും വടംവലിയുമൊക്കെ ഓണാഘോഷത്തിന് മാറ്റേകും.
മാവേലി മന്നന്റെ വരവിനും സമ്പല്‍ സമൃദ്ധിയുടെ നാളുകള്‍ ഓർമിച്ച് ഒരുമയോടെ സ്നേഹം പങ്കിടാനുമുള്ള അവസരം കൂടിയാണ് ഓണം. കാലമെത്ര മാറിയാലും മാറ്റ് കുറയാതെ മലയാളി മനസുകളിൽ സമൃദ്ധിയുടെ നറുനിലാവായി തെളിയും പൊന്നോണക്കാലം .

