പൂവിളികളും, ആഘോഷങ്ങളുമായി ഓണമിങ്ങെത്തി . ഓരോ ഓണവും മലയാളികൾക്ക് മറക്കാനാകാത്ത പഴമയുടെ ആഘോഷങ്ങളുടെ ഓർമ്മകളാണ് . ഇന്ന് മുതലാണ് വീട്ടുമുറ്റത്ത് പൂക്കളങ്ങൾ ഒരുങ്ങുന്നത്. ഒന്നാം ഓണമായ അത്തം മുതൽ പലയിടങ്ങളിലും സദ്യ ഒരുക്കാറുമുണ്ട്.
മുത്തച്ഛനും, മുത്തശ്ശിയ്ക്കും, അമ്മാവന്മാർക്കും, അമ്മായിമാർക്കും, ബന്ധുക്കൾക്കുമൊപ്പമുള്ള ഓണത്തിന്റെ ഒരിക്കലും മറക്കാനാകാത്ത ഓർമ്മയിലാകും ചിലരെങ്കിലും. ഉത്രാടം വരെയും ഉത്രാടത്തിന്റെയന്നും തിരക്കിട്ട പാച്ചിലാണ് ഇന്ന് മലയാളികൾക്ക്. വിപണിയിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം പൂക്കൾ എത്തിത്തുടങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലെ പൂപ്പാടങ്ങളും സജീവമായിട്ടുണ്ട്. പൂക്കൾക്കും വില കുതിച്ചേറുകയാണ്.
നേന്ത്രക്കായക്കും, വെളിച്ചെണ്ണയ്ക്കും വില കുതിച്ചതോടേ ചിപ്സിന്റെ വില തൊട്ടാൽ പൊള്ളുന്നതായി . ഇന്ന് മുതൽ 25 വരെയാണ് കൺസ്യൂമർഫെഡ് ഓണം വിപണികള്‍ പ്രവർത്തിക്കുക. വിവിധ സഹകരണ സംഘങ്ങൾ വഴി ചന്തകളും ത്രിവേണി യൂണിറ്റുകളും ഉൾപ്പെടെ നിരവധി ഓണച്ചന്തകളാണ് ഓണം വിപണിയുടെ ഭാഗമായി കൺസ്യൂമർഫെഡ് ഒരുക്കുന്നത്.
പൊതുവിപണിയേക്കാൾ 30 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ 13 ഇനം സാധനങ്ങളാണ് ഓണം വിപണിയിലൂടെ സബ്സിഡി നിരക്കിൽ നൽകുന്നത്.

