ചെന്നൈ : ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ കരുത്തുറ്റ പ്രവർത്തനം നടത്തിയ ട്രിപ്ലിക്കേനിൽ സിപിഎമ്മിന് മൂന്ന് കോടിയുടെ സ്വത്ത് ഇഷ്ടദാനം നൽകി ദമ്പതികൾ. അണ്ണാനഗർ സ്വദേശികളായ അഭിഭാഷകൻ ഇ . ഗോകുൽ കൃഷ്ണൻ ,ഭാര്യ മദ്രാസ് സർവകലാശാലയിലെ പ്രഫ. ജി . ജയന്തി എന്നിവരാണ് കുടുംബസ്വത്തിൽ നിന്നുള്ള വിഹിതം ഇഷ്ടദാനമായി നൽകിയത്.
ഫിദൽ കാസ്ട്രോയുടെ നൂറാം ജന്മവാർഷികത്തോടു അനുബന്ധിച്ചു ട്രിപ്ലിക്കേനിലെ ഐസ്ഹൗസിലെ ഡോ.നടേശൻ റോഡിലുള്ള കെട്ടിടത്തിൽ വച്ചു റജിസ്ട്രേഷൻ രേഖ സംസ്ഥാന സെക്രട്ടറി പി.ഷൺമുഖത്തിനു ദമ്പതികൾ കൈമാറി.
പ്രഭാകരൻ തോഴരുടെ കമ്യൂണിസ്റ്റ് ജീവിതമാണ് ശിങ്കാരവേലുവിന്റെ പ്രവർത്തന സ്ഥലത്ത് സ്ഥലം ലഭ്യമാകാൻ കാരണമായതെന്ന് ചെന്നൈ സെൻട്രൽ ജില്ലാ സെക്രട്ടറി ജി സെൽവ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പേരിലാണ് രജിസ്ട്രേഷൻ നടന്നിരിക്കുന്നത് . ചെന്നൈയിലെ കണ്ണായ സ്ഥലത്തു പാർട്ടിക്കു കിട്ടിയ സ്ഥലം ജനോപകാരപ്രദമായ ആവശ്യങ്ങൾക്കു ഉപയോഗിക്കുമെന്നു ചെപ്പോക്ക് ഏരിയ സെക്രട്ടറി ആർ.കപാലി പറഞ്ഞു.

