ന്യൂഡൽഹി ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ പരാമർശത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് അവകാശലംഘന നോട്ടീസ് . ഓഗസ്റ്റ് 28-നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത് .
‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026’ എന്ന വിഷയത്തിൽ സഭയിൽ നടന്ന ചർച്ചയ്ക്കിടെ അമിത് ഷായ്ക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ അവകാശ ലംഘനത്തിന്റെയും, സഭയോടുള്ള അവഹേളനത്തിന്റെയും പേരിലാണ് നോട്ടീസ്.ബിജെപി എംപി അനുരാഗ് താക്കൂർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നോട്ടീസ് നൽകിയിരിക്കുന്നത്.
ജൂലൈ 30-ന് രാഹുൽ ഗാന്ധിക്കെതിരെ അനുരാഗ് താക്കൂർ അവകാശ ലംഘന നോട്ടീസ് സമർപ്പിച്ചിരുന്നു. പൊതു പരീക്ഷ പേപ്പർ ചോർച്ച വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള ലോക്സഭാ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി പാർലമെന്ററി വിരുദ്ധവും അപമാനകരവുമായ ഭാഷ ഉപയോഗിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സഭയുടെ ചട്ടം 353 പ്രകാരം ആവശ്യമായ മുൻകൂർ നോട്ടീസ് നൽകാതെ കേന്ദ്ര ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും പരാതിയിൽ പറയുന്നു.
ഓഗസ്റ്റ് 28-നകം പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് രാഹുൽ ഗാന്ധി മറുപടി നൽകണമെന്ന് പ്രിവിലേജസ് കമ്മിറ്റി നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു. ഈ വിഷയത്തിൽ ബിജെപി എംപി ഡോ. സഞ്ജയ് ജയ്സ്വാളും ജൂലൈ 29-ന് ലോക്സഭയിൽ പരാതി സമർപ്പിച്ചിരുന്നു. ലോക്സഭയിലെ നടപടിക്രമങ്ങളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങൾക്കനുസൃതമായി ഈ വിഷയം പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് സഞ്ജയ് ജയ്സ്വാൾ അഭ്യർത്ഥിച്ചിരുന്നു.

