ന്യൂഡൽഹി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചെങ്കോട്ടയിൽ നടന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്ക്കരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും . തുടർച്ചയായ രണ്ടാം വർഷവും ഇരുവരും ആഘോഷങ്ങളിൽ പങ്കെടുത്തില്ല.
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ, മുൻഗണനാ പട്ടിക പ്രകാരം കേന്ദ്ര കാബിനറ്റ് മന്ത്രിമാർക്ക് തൊട്ടുപിന്നിലെ സീറ്റ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കാണ് നിശ്ചയിച്ചിരുന്നത്. 2024 ലെ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി വിവാദം ഉണ്ടായിരുന്നു . ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയ്ക്ക് രണ്ടാം-നിരയിലാണ് അന്ന് സീറ്റ് നൽകിയത്.
പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങളെ ആദരിക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമായാണ് ഇരിപ്പിട ക്രമത്തിൽ മാറ്റം വരുത്തിയതെന്ന് പരിപാടി സംഘടിപ്പിച്ച പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് പൊതുജനങ്ങളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു.
വ്യാഴാഴ്ച അനിശ്ചിത കാലത്തേക്ക് പിരിഞ്ഞ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് പ്രമുഖ നേതാക്കളുടെ അസാന്നിധ്യം.

