ന്യൂഡൽഹി : സ്വാതന്ത്ര്യദിന സന്ദേശത്തിൽ ജെൻസികളെ ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി . വികസിത ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് യുവശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു .രാജ്യത്തിന്റെ ഭാവി പുതിയ സാങ്കേതികവിദ്യയ്ക്കും എ ഐയ്ക്കും അവകാശപ്പെട്ടതാണ് . അടുത്ത വർഷം 10 ദശലക്ഷം യുവാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാൻ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ കോച്ചിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് യുവാക്കളെ മുന്നോട്ട് കൊണ്ടുപോകുകയും എ ഐ മേഖലയിൽ ലോകത്തെ നയിക്കാൻ ഇന്ത്യൻ യുവാക്കളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസനത്തിലേക്കുള്ള യാത്രയിൽ യുവാക്കൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവരെ പുതിയ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.
മത്സര പരീക്ഷാ തയ്യാറെടുപ്പിനുള്ള കോച്ചിംഗ് ക്ലാസുകളുടെ ചെലവ് ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് ഒരു വലിയ ഭാരമായി മാറിയിരിക്കുന്നു . തങ്ങളുടെ കുട്ടികളെ കോച്ചിങ്ങിന് അയച്ചില്ലെങ്കിൽ, തങ്ങൾ പിന്നാക്കം പോകുമെന്ന് പല കുടുംബങ്ങളും ഭയപ്പെടുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്, വിവിധ പരീക്ഷകൾക്ക് സൗജന്യ ഓൺലൈൻ കോച്ചിങ്ങ് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം ആഹ്വാനം ചെയ്തു.
ചെറുപ്പം മുതലേ യുവാക്കളെ സാങ്കേതികവിദ്യയുമായും നവീനാശയങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണം . . ഈ സംരംഭത്തിന്റെ കീഴിൽ, സാങ്കേതികവിദ്യയിലും പുതിയ ആശയങ്ങളിലും കുട്ടികളുടെ താൽപ്പര്യം വളർത്തുന്നതിനായി രാജ്യത്തുടനീളം 10,000-ത്തിലധികം അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ 250,000-ത്തിലധികം രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്റ്റാർട്ടപ്പ് ഇന്ത്യയെക്കുറിച്ചും പരാമർശിച്ചു.
2004 നും 2014 നും ഇടയിൽ രാജ്യത്ത് 350 ൽ താഴെ സർവകലാശാലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ഏകദേശം 650 പുതിയ സർവകലാശാലകൾ സ്ഥാപിതമായതോടെ ആകെ എണ്ണം 1,000 ത്തോളം എത്തിയിരിക്കുന്നു . 2014 ന് മുമ്പ് ഏകദേശം 400 മെഡിക്കൽ കോളേജുകൾ ഉണ്ടായിരുന്നു, ഇപ്പോൾ അവ ഏകദേശം 850 ആയി വർദ്ധിച്ചു. വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും രാജ്യത്ത് താമസിക്കുമ്പോൾ തന്നെ യുവാക്കൾക്ക് വിദേശ സർവകലാശാലകളിൽ നിന്ന് ബിരുദം നേടുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

