ന്യൂഡൽഹി : ഗുജറാത്തിൽ അവയവദാന പ്രക്രിയയിൽ പങ്കാളിയായി വന്ദേഭാരത് . രാജ്യത്ത് ആദ്യമായാണ് മാറ്റിവയ്ക്കാനുള്ള ഹൃദയം ട്രെയിനിൽ എത്തിച്ചത് . വെറും രണ്ട് മണിക്കൂറിനുള്ളിൽ 250 കിലോമീറ്റർ സഞ്ചരിച്ചാണ് വന്ദേ ഭാരത് എക്സ്പ്രസ് ചരിത്രമെഴുതിയത്. സൂറത്തിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു വന്ദേഭാരതിന്റെ യാത്ര.
ട്രാൻസ്പ്ലാൻറേഷനായി യു.എൻ. മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ എത്തിക്കേണ്ട ഹൃദയമാണ് ട്രെയിൻ നമ്പർ 20901 മുംബൈ സെൻട്രൽ-ഗാന്ധിനഗർ ക്യാപിറ്റൽ വന്ദേ ഭാരത് എക്സ്പ്രസിൽ എത്തിച്ചത്. റെയിൽവേ അധികൃതർക്കൊപ്പം , ആർപിഎഫ്, ഗുജറാത്ത് പോലീസ്, മെഡിക്കൽ ടീമുകൾ എന്നിവരും ഒത്തൊരുമിച്ചതോടെയാണ് നീക്കം സുഗമമായത്.
ഹൃദയം കൃത്യസമയത്ത് എത്തിക്കാനും,ശസ്ത്രക്രിയ സമയത്ത് നടത്താനുമായി അഹമ്മദാബാദ് റെയിൽ വേ സ്റ്റേഷനിൽ പ്രത്യേക പാതയും ഒരുക്കിയിരുന്നു. അവയവ മാറ്റിവെക്കലിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണെന്നും വന്ദേ ഭാരത് എക്സ്പ്രസിലൂടെ അതിവേഗത്തിൽ മണിക്കൂറുകൾക്കുള്ളിൽ സൂറത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് ജീവനുള്ള ഹൃദയം കൊണ്ടുപോയതുകൊണ്ടാണ് ജീവൻരക്ഷാ പ്രവർത്തനം സാധ്യമായതെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എക്സിൽ കുറിച്ചു.

