ന്യൂഡൽഹി: പിഎം-കിസാൻ സമ്മാൻ നിധി പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ . ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പദ്ധതി 2030-31 സാമ്പത്തിക വർഷം വരെയാണ് നീട്ടിയത്. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്.
അടുത്ത അഞ്ച് വർഷത്തേക്ക് പദ്ധതിക്കായി 3,15,614 കോടി രൂപ അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. യോഗ്യരായ കർഷകർക്ക് എല്ലാ വർഷവും 6,000 രൂപ തുടർന്നും ലഭിക്കും. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനം വഴി തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും.
രാജ്യത്തുടനീളമുള്ള കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 2019 ഫെബ്രുവരി 24 നാണ് പിഎം-കിസാൻ പദ്ധതി ആരംഭിച്ചത്. അർഹരായ ഓരോ കർഷക കുടുംബത്തിനും മൂന്ന് തുല്യ ഗഡുക്കളായി ഒരു വർഷം 6,000 രൂപ ലഭിക്കും. പണം ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് ക്രെഡിറ്റ് ചെയ്യുന്നത്.

