ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടമായത് പ്രമുഖ സംഗീതജ്ഞനും ഓസ്കർ ജേതാവുമായ ഗ്ലെൻ ഹാൻസാർഡിന്. 56 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ മാനേജ്മെന്റ് സ്ഥാപനമായ എടിസി മാനേജ്മെന്റ് ആണ് മരണ വിവരം പുറത്തുവിട്ടത്. ദി ഫ്രെയിംഗ് ബാൻഡിന്റെ പ്രധാന ഗായകരിൽ ഒരാൾ കൂടിയാണ് ഗ്ലെൻ. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സംഗീത പ്രേമികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.
ചാപ്പലിസോഡിന് സമീപത്തെ സ്ട്രോബെറി ബെഡ്സ് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അദ്ദേഹം അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി അദ്ദേഹത്തിന് പരിചരണം നൽകി. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

