തിരുവനന്തപുരം: തിരുവനന്തപുരത്തെ ലോൺ ആപ്പ് തട്ടിപ്പിൽ ഉൾപ്പെട്ട പ്രധാന പ്രതികളിൽ ഒരാളെ അഹമ്മദാബാദിൽ അറസ്റ്റ് ചെയ്തു. പാർത്ഥ് എന്നയാളെയാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് സ്വദേശിയായ ആകാശ് സിംഗ് ചൗധരി എന്ന മറ്റൊരു പ്രതി പോലീസിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി.
വ്യാജ കോൾ സെന്റർ സ്ഥാപിച്ച് ലോൺ ആപ്പ് വഴി അമേരിക്കക്കാരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘത്തെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു . പോലീസ് നടത്തിയ റെയ്ഡിൽ 18 ഉത്തരേന്ത്യക്കാരെയാണ് പിടികൂടിയത്. ഒന്നര മാസം മുമ്പ് പോങ്ങുമൂടിലെ ഐറിസ് ആശുപത്രിക്ക് സമീപമുള്ള പവിഴം ഹോംസിന്റെ വാണിജ്യ കെട്ടിടത്തിലാണ് വ്യാജ കോൾ സെന്റർ പ്രവർത്തിക്കാൻ തുടങ്ങിയത്.
സ്ഥാപനത്തിൽ ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ഇരുപതോളം ജീവനക്കാർ ഉണ്ടായിരുന്നു. 50 ഓളം കമ്പ്യൂട്ടറുകളും സജ്ജമാക്കിയിരുന്നു. വായ്പയ്ക്കായി അമേരിക്കക്കാർ സമീപിക്കുന്ന ‘ലെൻഡ്-ജെറ്റ്’ കമ്പനിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അവരെ ബന്ധപ്പെട്ട ശേഷമാണ് തട്ടിപ്പ് നടത്തിയത്. പ്രവർത്തന ഫീസ് അടക്കം വലിയ തുകകളാണ് ഇവർ തട്ടിയെടുത്തത്. യുഎസ് ഡോളറായാണ് പണം അടച്ചിരുന്നത് . അമേരിക്കയിലെ മലയാളികളെ ലക്ഷ്യമിട്ട് കേരളത്തിൽ നടന്ന ആദ്യ തട്ടിപ്പ് കേസാണിതെന്ന് പോലീസ് പറഞ്ഞു.
റെയ്ഡിൽ നൂറുകണക്കിന് സിം കാർഡുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവയും കമ്പ്യൂട്ടറുകളും പരിശോധിച്ചതിനുശേഷം മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കി. എത്ര പണം കബളിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്താൻ വിദഗ്ദ്ധ അന്വേഷണം ആവശ്യമാണ്. തട്ടിപ്പ് സംഘം സെർവർ ലോക്ക് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.കോവളം ഉൾപ്പെടെ പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി. കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗവും ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും ലക്ഷ്യം വച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

