ന്യൂഡൽഹി ; പാറ്റാ പാർട്ടിയുടെ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമനടപടികൾ ഉണ്ടാകുന്നുണ്ടെന്ന് പാർട്ടി വക്താവ് സൗരവ് ദാസ് . ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൗരവ് ദാസ്.
“പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ ഒരു എഫ്ഐആറും രജിസ്റ്റർ ചെയ്യില്ലെന്നും നിലവിലുള്ള എഫ്ഐആറുകൾ പിൻവലിക്കുമെന്നും ഭാവിയിൽ അവർക്കെതിരെ പ്രതികാര നിയമനടപടി സ്വീകരിക്കില്ലെന്നും സർക്കാരിനുവേണ്ടി കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും ഡോ. ജിതേന്ദ്ര സിങ്ങും ഞങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു . ഇത് രേഖാമൂലം ഞങ്ങൾക്ക് നൽകാനും സർക്കാർ സമ്മതിച്ചിരുന്നു, നാളെയാണ് അതിനുള്ള അവസാന തീയതി.
“രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരത്തിൽ കേസെടുക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുന്നു, കൂട്ട എഫ്ഐആറുകൾ ഫയൽ ചെയ്യുന്നു. ബീഹാറിൽ 500 എഫ്ഐആറുകൾ ഫയൽ ചെയ്തതായി വിവരം ലഭിച്ചു, ഇതിൽ ശക്തമായ നിയമ വകുപ്പുകൾ ഉൾപ്പെടുന്നു. സർക്കാർ ഞങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നാണ് ഞങ്ങൾ പറയുന്നത്.
ഈ രാജ്യത്തെ യുവാക്കൾക്ക് നൽകിയ വാഗ്ദാനം അവർ പാലിക്കണം. ഇത് ഡൽഹിക്ക് മാത്രമല്ല, ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും ബാധകമാക്കണമെന്ന വ്യവസ്ഥയും ഞങ്ങളുടെ നിബന്ധനകളിൽ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാരിൽ നിന്നുള്ള ആ കത്ത് ഞങ്ങൾ കാത്തിരിക്കുകയാണ്, നാളെ അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പോലീസിന് സ്വാതന്ത്ര്യം നൽകിയാൽ, അവർ അത് സെൻസർഷിപ്പിനുള്ള മാർഗമായി ഉപയോഗിക്കും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. പ്രധാനമന്ത്രിയെക്കുറിച്ച് ആരെങ്കിലും ലഘുവായ തമാശ പറഞ്ഞാൽ – അത്തരം ഉള്ളടക്കം നീക്കം ചെയ്യപ്പെടുന്നു. പ്രധാനമന്ത്രി എന്താ ദൈവമാണോ? ആളുകൾ തമാശകൾ പറയും അത് ജനാധിപത്യത്തിന്റെ ഭാഗമാണ്.
യുവാക്കളെ കേസുകളിൽ കുടുക്കുന്നതിലുപരി എന്നതിലുപരി, ഞങ്ങൾക്ക് നൽകിയ ഉറപ്പുകൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സർക്കാർ നൽകുന്ന ഉറപ്പുകൾ ഞങ്ങൾക്ക് മാത്രമുള്ളതല്ല . രാജ്യത്തുടനീളം തെരുവിലിറങ്ങിയ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് വേണ്ടിയുള്ളതാണ് അവ.അത് പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ, യുവാക്കൾ വീണ്ടും തെരുവിലിറങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങും .പ്രതിഷേധക്കാർ ഇപ്പോൾ ജന്തർ മന്തർ വിട്ടുപോയിരിക്കാമെങ്കിലും, അവർ തിരിച്ചുവരാൻ അധികനാളെടുക്കില്ല. രാജ്യത്തെ യുവാക്കൾ രാഷ്ട്രീയമായി ബോധവാന്മാരായിത്തീർന്നിരിക്കുന്നു ‘ എന്നാണ് സൗരവ് ദാസ് പറഞ്ഞത്.

