ന്യൂഡൽഹി: തങ്ങൾ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ പ്രതിഷേധം അവസാനിപ്പിക്കുകയാണെന്ന് ജന്ദർമന്ദറിലെ സമരക്കാർ . കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിംഗും സമരക്കാരുടെ പ്രതിനിധികളും ചേർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇരുവിഭാഗവും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത് .
ഒത്തുതീർപ്പിന്റെ ഭാഗമായി, പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ ഫയൽ ചെയ്യില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ആത്മഹത്യ ചെയ്ത ഓരോ വിദ്യാർത്ഥിയുടെയും കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം, പ്രതിഷേധക്കാർക്കെതിരായ എല്ലാ എഫ്ഐആറുകളും പിൻവലിക്കുക, പ്രതിഷേധത്തിന്റെ പേരിൽ കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്ന ഉറപ്പ് എന്നിവയാണ് സർക്കാർ അംഗീകരിച്ച ആവശ്യങ്ങൾ .
പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച സമര പ്രതിനിധികൾ പ്രതിഷേധക്കാരോട് സമാധാനപരമായി പിരിഞ്ഞുപോകാനും അഭ്യർത്ഥിച്ചു. അതേസമയം സമരസംഘത്തിന്റെ നേതാവ് അഭിജിത്ത് ദിപ്കെ നിലവിൽ ടൈഫോയ്ഡിന് ചികിത്സയിലാണ്.

