ന്യൂഡൽഹി : കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു . വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത് . ജൂലൈ 18 ന് റഷ്യൻ സമുദ്രാതിർത്തിക്കുള്ളിൽ കരിങ്കടലിലൂടെ സഞ്ചരിക്കുന്നതിനിടെ എംവി ഒമോർഫി എന്ന വാണിജ്യ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
“റിപ്പോർട്ടുകൾ പ്രകാരം, ഈ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് ജീവൻ നഷ്ടപ്പെട്ടു. ആ കുടുംബത്തിന് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണ സമയത്ത് മൂന്ന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 10 ജീവനക്കാർ കപ്പലിലുണ്ടായിരുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു.
കപ്പലിലുണ്ടായിരുന്ന മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാർ സുരക്ഷിതരാണ് . ആക്രമണത്തെ അപലപിച്ച വിദേശകാര്യ മന്ത്രാലയം, സംഭവത്തെ ഗുരുതരമായ ആശങ്കാജനകമായ കാര്യമായാണ് വിശേഷിപ്പിച്ചത്. ഇത്തരം ആക്രമണങ്ങൾ നിരപരാധികളുടെ ജീവൻ അപകടത്തിലാക്കുന്നതാണെന്നും, അന്താരാഷ്ട്ര വ്യാപാരം ഭീഷണി നേരിടുന്നു എന്നത് ആശങ്കാജനകമായ വസ്തുതയാണെന്നും ഇന്ത്യ വ്യക്തമാക്കുന്നു.
ജൂലൈ 19 ന് യുക്രേനിയൻ തുറമുഖത്ത് നിന്ന് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ഗിനിയ-ബിസാവു പതാകയുള്ള ചരക്ക് കപ്പലായ എംവി ഗോൾഡൻ ലിയോ ആക്രമിക്കപ്പെട്ടിരുന്നു . ആക്രമണത്തിൽ നാല് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

