കൊച്ചി: കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ ജീവനൊടുക്കിയ കേസിൽ പിടിയിലായ റാമിനെ സംരക്ഷിക്കാൻ കേരള പൊലീസ് ശ്രമിച്ചതായി ഹൈക്കോടതി. അറസ്റ്റ് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയ കോടതി ഡിവൈഎസ്പിയെ രൂക്ഷമായി വിമർശിച്ചു. പ്രധാന പ്രതിയെ കസ്റ്റഡിയിൽ നിന്ന് മാറ്റി നിർത്താനുള്ള ഗൂഢാലോചനയിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കുന്നുവെന്ന് കോടതി പറഞ്ഞു.
മരിച്ച ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മാതാപിതാക്കളുടെ ഹർജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദീനാണ് പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്. ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ? അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാമെന്നും എന്നിട്ടും അങ്ങനെ ചെയ്തുവെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി.
അദ്ദേഹം മുമ്പ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടില്ലേ . ഈ പ്രത്യേക കേസിൽ മാത്രം ഇത് എന്തുകൊണ്ടാണ് ചെയ്തതെന്നും കോടതി ചോദിച്ചു.പ്രതിയെ തടങ്കലിൽ നിന്ന് രക്ഷിക്കാൻ നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമായി സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ നടപടിയാണിതെന്ന് തോന്നുന്നുവെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
ആ കാരണത്താൽ റാമിന്റെ അറസ്റ്റ് നേരത്തെ ഒരു പ്രത്യേക കോടതി റദ്ദാക്കിയിരുന്നു . 100 ദിവസത്തിലേറെയായി റാം ഒളിവിൽ കഴിഞ്ഞിട്ടും സെഷൻസ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കളഞ്ഞതിനുശേഷവും പോലീസ് അന്വേഷണം എങ്ങനെ ഇത്തരത്തിൽ കൈകാര്യം ചെയ്തുവെന്നും കോടതി ചോദ്യം ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി ആവശ്യപ്പെട്ടു. “അദ്ദേഹത്തെ സർവീസിൽ നിന്ന് നീക്കം ചെയ്യണം. അദ്ദേഹം ആ സ്ഥാനം വഹിക്കാൻ കഴിവില്ലാത്തവനാണ്… ഒരു വലിയ ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ട് . ദരിദ്രരെ ദ്രോഹിക്കാനും സമ്പന്നരെ സംരക്ഷിക്കാനുമാണോ പോലീസ് സേന .“ എന്നും കോടതി ചോദിച്ചു.
റാമിനെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയോട് ജൂലൈ 24 ന് എല്ലാ രേഖകളും പ്രത്യേക കോടതിയിൽ ഹാജരാക്കി ഹാജരാകാനും അറസ്റ്റ് നടപടിക്രമങ്ങൾ സംബന്ധിച്ച സുപ്രീം കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് വിശദീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.

