ഡബ്ലിൻ: അയർലൻഡിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നും പ്രമുഖ ചിപ്സ് ഉത്പന്നം തിരിച്ച് വിളിച്ചു. ഉപഭോക്താക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ ഉത്പന്നം വിൽക്കരുതെന്ന് കച്ചവടക്കാർക്കും കഴിക്കരുതെന്ന് ഉപഭോക്താക്കൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡോറിറ്റോസ് ചില്ലി ഹീറ്റ്വേവ് ഫ്ലേവർ കോൺ ചിപ്സിന്റെ പ്രത്യേക ബാച്ചാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് തിരിച്ചുവിളിച്ചത്. വെള്ളിയാഴ്ച ആയിരുന്നു ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ചിപ്സിൽ പാലിന്റെ അംശം അടങ്ങിയിട്ടുണ്ട്. എന്നാൽ പായ്ക്കറ്റുകളിൽ ചേരുവകളുടെ ലേബലിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. പാൽ ചിലർക്ക് അലർജിയുണ്ടാക്കാം. ഇതേ തുടർന്നാണ് ചിപ്സുകൾ തിരിച്ച് വിളിച്ചത്.

