കഞ്ഞിക്കുഴി : വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി മുഴക്കി സിപിഎം നേതാവ് എംഎം മണി . സിപിഎം നഗരംപാറ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മണിയുടെ അധിക്ഷേപകരമായ രീതിയിലുള്ള ആക്ഷേപം.
കഞ്ഞിക്കുഴി മേഖലയിൽ വനം വകുപ്പ് നടത്തുന്ന കുടിയിറക്കൽ നടപടികളെ എതിർത്തായിരുന്നു മണിയുടെ പ്രസംഗം . മര്യാദയോടെ പെരുമാറാത്ത ഉദ്യോഗസ്ഥരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും, അത്തരം ഉദ്യോഗസ്ഥർക്ക് റോഡിലിറങ്ങി നടക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
” വീട്ടിൽ ഭാര്യയും കുട്ടികളുമുണ്ടെന്ന് അവർ ഓർമ്മിക്കണം. പൊലീസ് ഞങ്ങള്ക്ക് പുല്ലാ. പിന്നെയാണോ ഫോറസ്റ്റ് . വീട്ടിലേക്ക് മടങ്ങുമെന്ന് പറഞ്ഞതിന് ശേഷം പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നവരല്ല ഞങ്ങൾ. താമസിക്കുന്ന സ്ഥലം 150 വർഷം മുൻപ് വനമായിരുന്നു എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. കൃഷിക്കാർ കൃഷി ചെയ്യുന്നിടത്തോ , പുഴയോരത്തോ താമസ സ്ഥലത്തോ ഉദ്യോഗസ്ഥർ പിടിച്ചു കയറാൻ വന്നാൽ അവിടെ വച്ച് നേരിടും .അത്തരം സാഹചര്യങ്ങളിൽ നിയമം നിയമം മണ്ണാങ്കട്ട എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത്തരമൊരു സാഹചര്യം ഒരുക്കരുതെന്നും എം എം മണി പറഞ്ഞു.

