പഴയ സോവിയറ്റ് യൂണിയനിലെ ഒരു ചെറിയ നഗരമായിരുന്നു ചെർണോബിൽ. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നിന്നും 93 കിലോമീറ്ററും ബെലാറസ് തലസ്ഥാനമായ മിൻസ്കിൽ നിന്നും 350 കിലോമീറ്ററും അകലെ സ്ഥിതി ചെയ്തിരുന്ന ഈ നഗരം, 1986 ഏപ്രിൽ 25,26 തീയതികളിലാണ് ആണവോർജ്ജ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ കേന്ദ്രമാകുന്നത്.
1977-83 കാലഘട്ടത്തിൽ പ്രവർത്തനമാരംഭിച്ച ചെർണോബിൽ ആണവ നിലയത്തിൽ നാല് റിയാക്ടറുകളാണ് ഉണ്ടായിരുന്നത്. ഇവ ഓരോന്നിൽ നിന്നും ആയിരം മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്.
1986 ഏപ്രിൽ 25ന്, മതിയായ മുൻകരുതലുകൾ ഇല്ലാതെ നിലയത്തിൽ നടത്തിയ ഒരു പാളിപ്പോയ പരീക്ഷണമായിരുന്നു ദുരന്തത്തിന് വഴി വെച്ചത്. പരീക്ഷണം പരാജയപ്പെട്ടതിന്റെ ഫലമായി, ഏപ്രിൽ 26ന് രാത്രി 1:23 ഓടെ, യൂണിറ്റ് 4ലെ ചെയിൻ റിയാക്ഷൻ നിയന്ത്രണാതീതമായി. ഇതിന്റെ ഫലമായി ഉണ്ടായ അഗ്നിഗോളം അന്തരീക്ഷത്തിലേക്ക് വലിയ അളവിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ വിസർജ്ജിച്ചു. ദിവസങ്ങളോളം, ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറവും വലിയ വിനാശം വരുത്തി വെച്ച വൻ ദുരന്തം അവിടെ സംഭവിക്കുകയായിരുന്നു.
റഷ്യ, യുക്രയ്ൻ, ബെലാറസ് എന്നിവിടങ്ങളിൽ നിയന്ത്രണാതീതമായി വികിരണം വ്യാപിച്ചു. ആയിരക്കണക്കിന് മനുഷ്യരും പക്ഷിമൃഗാദികളും ക്ഷണനേരം കൊണ്ട് മരിച്ച് വീണു. പതിനായിരങ്ങൾ നിത്യരോഗികളായി. ദശാബ്ദങ്ങൾക്കിപ്പുറം ഇന്നും ചെർണോബിൽ ദുരന്തത്തിന്റെ ബാക്കിപത്രം എന്നോണം ജനിതക വ്യതിയാനങ്ങളോടെയും മാരകമായ കാൻസർ ബാധകളോടെയും മനുഷ്യർ നരകിക്കുന്നു. ഏപ്രിൽ 28ന് സ്വീഡനിലെ വായുവിൽ പോലും വലിയ തോതിൽ ആണവ വികിരണം രേഖപ്പെടുത്തപ്പെട്ടു.
തുടർന്നുള്ള മാസങ്ങളിൽ ചെർണോബിൽ ആണവ നിലയത്തിന് സമീപത്ത് നിന്നും അറുപത്തിയേഴായിരം പേരെ എന്നെന്നേക്കുമായി മാറ്റി താമസിപ്പിച്ചു. ആണവ വികിരണം നിമിത്തം ആകെ മാറ്റി പാർപ്പിക്കപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷത്തോളം വരുമെന്ന് പിന്നീട് വന്ന ഒരു പഠന റിപ്പോർട്ട് സ്ഥിരീകരിച്ചു. ആണവ നിലയം നിലനിന്നിരുന്ന പ്രദേശത്തെ 30 കിലോമീറ്റർ ചുറ്റളവിൽ വരുന്ന ഇടങ്ങൾ മനുഷ്യവാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എന്നെന്നേക്കുമായി അടച്ച് പൂട്ടി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റഷ്യയിലും യുക്രെയിനിലുമായി 30 ലക്ഷവും ബെലാറസിൽ 8 ലക്ഷവും മനുഷ്യർ ഇന്നും ഈ മഹാദുരന്തത്തിന്റെ കെടുതികൾ അനുഭവിച്ച് ജീവിക്കുന്നു.
വീഡിയോ: https://www.youtube.com/shorts/R4ThLYwgznE

