കൊച്ചി: മട്ടാഞ്ചേരിയിലെ ബാറിൽ വയോധികനെ ചുറ്റിക കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തൂഫാൻ വാരിയർ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശിയായ ഷിബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
ഇന്നലെ ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. മദ്യപിക്കാൻ ബാറിൽ എത്തിയ ഷമീറും ഷിബുവും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് പിന്നീട് ആക്രമണത്തിലേക്ക് നീങ്ങി. ഷിബു ഷമീറിന്റെ കഴുത്തിൽ പിടിച്ച് ബില്ലിംഗ് കൗണ്ടറിന് മുന്നിൽ തള്ളിയിടുകയും തുടർന്ന് കൈവശം കരുതിയിരുന്ന ചുറ്റിക കൊണ്ട് മുഖത്തും തലയിലും അടിക്കുകയും ചെയ്തു.
ഷിബുവിനെ അനുഗമിച്ച കൂട്ടാളി ഷിഹാബ് ഷമീറിനെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഷമീർ നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി സംഘടിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിൽ പങ്കെടുത്ത വ്യക്തിയാണ് ഷിബു. പ്രാദേശിക ഗുണ്ടകളും ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളും മയക്കുമരുന്ന് വിരുദ്ധ പരിപാടിയിൽ പങ്കെടുത്തതായി വ്യാപകമായ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ഷിബുവിന്റെ അറസ്റ്റ്.
സുധാകരന്റെ മയക്കുമരുന്ന് വിരുദ്ധ പരിപാടി ജൂൺ 18 നാണ് നടന്നത് . ക്രിമിനൽ കേസുകളിൽ പ്രതികളായ വ്യക്തികളും ഗുണ്ടകളും പങ്കെടുത്തവരിൽ ഉണ്ടെന്ന് വെളിപ്പെടുത്തുന്ന വിവരങ്ങൾ പിന്നീട് പുറത്തുവരികയും ചെയ്തു. ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിലെ പ്രതി ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്ത നിരവധി സാമൂഹിക വിരുദ്ധരുടെ പേരുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു

