ഡബ്ലിൻ: അഭയം തേടി അയർലൻഡിൽ എത്തിയവരിൽ ഭൂരിഭാഗം പേരും സൊമാലിയൻ പൗരന്മാരും പാകിസ്ഥാനികളും. അന്താരാഷ്ട്ര സംരക്ഷണം തേടിയവരുടെ കണക്കുകൾ അവതരിപ്പിക്കുന്നതിനിടെ നീതിവകുപ്പ് മന്ത്രി ജിം ഒ കെല്ലഗനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളിലെയും ആഭ്യന്തര പ്രശ്നങ്ങളാണ് അയർലൻഡിലേക്കുള്ള പൗരന്മാരുടെ പലായനം വർധിക്കാൻ കാരണം ആയത് എന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷം സംരക്ഷണം തേടി ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് സൊമാലിയയിൽ നിന്നാണ്. 2,021 സൊമാലിയൻ പൗരന്മാർ ആയിരുന്നു സംരക്ഷണം ആവശ്യപ്പെട്ടത്. രണ്ടാം സ്ഥാനം നൈജീരിയയ്ക്കാണ്. കഴിഞ്ഞ വർഷം 1940 നൈജീരിയൻ പൗരന്മാർ അപേക്ഷ നൽകി. അപേക്ഷ നൽകിയവരിൽ മൂന്നാം സ്ഥാനമാണ് പാകിസ്ഥാനികൾക്കുള്ളത്. 1680 പാക് പൗരന്മാരാണ് അയർലൻഡിൽ സംരക്ഷണം തേടി അപേക്ഷ നൽകിയത്.

