വടകര ; ‘കാഫിർ’ സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ വടകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. തന്റെ കക്ഷിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും മൊബൈൽ ഫോൺ കൈമാറി അന്വേഷണവുമായി പൂർണമായും സഹകരിച്ചെന്നും കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ജിതിൻ ഭാസ്കറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കെ എം രാംദാസ് കോടതിയിൽ വാദിച്ചത്.
എന്നിരുന്നാലും, ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും കോടതിയെ അറിയിച്ചു . തുടർന്ന് കോടതി പ്രോസിക്യൂഷന്റെ ആശങ്കകൾ ശരിവയ്ക്കുകയും ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. കൂടുതൽ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടും.
2024 ലെ വടകര പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കേരളത്തിലുടനീളം രാഷ്ട്രീയ, വർഗീയ കോളിളക്കം സൃഷ്ടിച്ച കാഫിർ സ്ക്രീൺ ഷോട്ട് കേസ് ഉണ്ടായത്. ഇടതു സ്ഥാനാർത്ഥി കെ കെ ശൈലജയെ “കാഫിർ” (അവിശ്വാസി) എന്ന് മുദ്രകുത്തിയും യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ മതവിശ്വാസിയായ മുസ്ലീമായി അവതരിപ്പിച്ചും വർഗീയത മുതലെടുക്കാനായിരുന്നു ശ്രമം.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയിലും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റിയിലും അംഗമാണ് ജിതിൻ ഭാസ്കർ. വളരെ പ്രകോപനപരമായ സ്ക്രീൻഷോട്ട് 200-ലധികം പേർക്ക് പ്രചരിപ്പിക്കാൻ ഭാസ്കർ വാട്ട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് മെസെജിംഗ് ഫീച്ചർ ഉപയോഗിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.ജിതിൻ ഭാസ്കർ ‘വടകര സ്ക്വാഡ്’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആണെന്നും തിരിച്ചറിഞ്ഞിരുന്നു.

