തിരുവനന്തപുരം: മുനമ്പം തർക്ക ഭൂമി കേന്ദ്രത്തിന്റെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരള സംസ്ഥാന വഖഫ് ബോർഡിനോട് വിശദീകരണം തേടി . ബിജെപി കേരള പ്രസിഡന്റും എം എൽ എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എറണാകുളം ജില്ലയിലെ മുനമ്പത്തുള്ള 404 ഏക്കർ തർക്ക ഭൂമി ഉൾപ്പെടെ നിരവധി സ്വത്തുക്കളുടെ വിശദാംശങ്ങൾ കേരള വഖഫ് ബോർഡ് ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം പോർട്ടലിൽ അപ്ലോഡ് ചെയ്തതായി കാട്ടി കിരൺ റിജിജുവിന് വിശദമായ പരാതി രാജീവ് ചന്ദ്രശേഖർ നേരത്തെ നൽകിയിരുന്നു.
ബന്ധപ്പെട്ട മുതവല്ലിയെ അല്ലെങ്കിൽ വഖഫ് സ്വത്തിന്റെ ട്രസ്റ്റിയെ മാത്രമേ അത്തരം രേഖകൾ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ നിയമം അനുവദിക്കുന്നുള്ളൂ.മുനമ്പത്തിന്റെ കാര്യത്തിൽ, ആ അധികാരം ഫാറൂഖ് കോളേജിനാണ് എന്നും വിശദാംശങ്ങൾ അപ്ലോഡ് ചെയ്തുകൊണ്ട് വഖഫ് ബോർഡ് അധികാരപരിധിക്ക് അപ്പുറത്തേക്ക് പ്രവർത്തിച്ചുവെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.
‘കേരളത്തിൽ ഭരിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള ദുർബലമായൊരു സർക്കാരാണെന്ന് കരുതി, നിയമം കൈയിലെടുക്കാമെന്നും സാധാരണക്കാരായ മലയാളികളുടെ അവകാശങ്ങളിൽ കടന്നുകയറാമെന്നും ആരും കരുതേണ്ട. മുനമ്പത്തെ കുടുംബങ്ങൾക്കൊപ്പം ബി.ജെ.പി/എൻ.ഡിയെ മുന്നണി എപ്പോഴും ഉറച്ചുനിൽക്കും. അവരുടെ സ്വത്തവകാശങ്ങളും ഉപജീവനമാർഗ്ഗവും സംരക്ഷിക്കാൻ മുന്നിലുണ്ടാവുകയും ചെയ്യും. നിയമവിരുദ്ധമായ വഖഫ് ഭൂമി കൈയേറ്റങ്ങൾ, അത് മുനമ്പത്തായാലും തളിപ്പറമ്പിലായാലും കേരളത്തിൽ മറ്റെവിടെയായാലും ശരി,ഒരിക്കലും അനുവദിക്കില്ല.’ എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ.

