കൊല്ലം ; കൊല്ലം ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപ്പെട്ടത് . ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് . നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാർ ബസേലിയസ് സ്കൂളിലെ മൂന്ന് കുട്ടികൾക്കാണ് രോഗം പടർന്നത് . രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്.
മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേയ്ക്ക് കടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണം . കഠിനമായ പനി കൂടി വരുന്നത് കൊണ്ട് രോഗം മൂർച്ഛിക്കുകയും ചെയ്യുന്നു. വയറുവേദനയ്ക്ക് പുറമേ വയറിളക്കവും, ഛർദിയും ഉണ്ടാകും. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള മുൻ കരുതൽ. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക. കൈകളും വൃത്തിയായി കഴുകിയ ശേഷം മാത്രം ആഹാരം കഴിക്കുക.
വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടാൻ അനുവദിക്കരുത്. രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. കുടിവെള്ള സ്രോതസുകൾ ശുദ്ധീകരിക്കുക എന്നിവ വഴി രോഗത്തിനെതിരെ മുൻ കരുതലുകൾ എടുക്കാം.

