കോട്ടയം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരിഹാസ വിമർശനത്തിന് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ . വിവിധ എൻ.എസ്.എസ് സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾ എല്ലായ്പ്പോഴും നിയമം അനുസരിച്ചാണ് നടന്നിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പരാതിയുള്ളവർ കോടതിയെ സമീപിക്കട്ടെ എന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘ഞാൻ ആർക്കും നിയമവിരുദ്ധമായി നിയമനം നൽകിയിട്ടില്ല. എന്റെ കുടുംബാംഗങ്ങളെ മാത്രമേ ഞാൻ നിയമിക്കുന്നുള്ളൂ എന്ന വാദം വ്യാജ പ്രചാരണമാണ്. എന്റെ കുടുംബത്തിൽ കേരളം മുഴുവൻ ഉൾപ്പെടുന്നു. ഞാൻ അദ്ദേഹത്തിന് ഒരു ദോഷവും ചെയ്തിട്ടില്ല, എനിക്ക് ഒരു ഉപകാരവും അദ്ദേഹം ചെയ്തിട്ടില്ല. സ്ഥാനങ്ങൾ നഷ്ടപ്പെട്ടതിന് ശേഷം അദ്ദേഹം വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ട് അദ്ദേഹം ഈ വിഷയങ്ങൾ നേരത്തെ ഉന്നയിച്ചില്ല? എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അദ്ദേഹം കോടതിയെ സമീപിക്കട്ടെ.
സ്വന്തം പിതാവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഒരാളാണ് ഗണേഷ് കുമാർ. എൻഎസ്എസിനെയും അതിന്റെ ജനറൽ സെക്രട്ടറിയെയും സ്നേഹിച്ചു ജീവിക്കാൻ അച്ഛൻ ഉപദേശിച്ചതായി അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ എന്താണ് ചെയ്യുന്നത്? എൻഎസ്എസിനെ നശിപ്പിക്കാൻ ചിലർ കോടതിയെ സമീപിക്കുന്നുണ്ട്. ഗണേഷ് കുമാർ അവരുടെ സഖ്യകക്ഷിയായി പ്രവർത്തിക്കുന്നു. ഞാൻ 64 വർഷമായി എൻഎസ്എസിനെ സേവിക്കുന്നു. ആർക്കും കണ്ടെത്താൻ കഴിയുന്ന ഒരു തെറ്റും എന്റെ ഭാഗത്ത് നിന്ന് ഇതുവരെ സംഭവിച്ചിട്ടില്ല,’
‘മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ല. ഉപരാഷ്ട്രപതി സന്ദർശനത്തിനായി വന്നപ്പോൾ, സമാധി പരിശോധിക്കാൻ അവർ സ്നിഫർ നായ്ക്കളെ അകത്തേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചു. ഈ സ്ഥലം ഒരു ക്ഷേത്രത്തിന് തുല്യമാണെന്നാണ് ഞങ്ങൾ കണക്കാക്കുന്നത് അതിനനുസരിച്ച് ആരാധിക്കുകയും ചെയ്യുന്നു . അതിനാലാണ് അന്ന് വിലക്കിയത് , നായ്ക്കളെ അകത്തേക്ക് കൊണ്ടുവന്ന ശേഷം ആരും സമാധിയിൽ പുഷ്പാർച്ചന നടത്തരുതെന്ന് ഞാൻ പറഞ്ഞു. അതാണ് എന്റെ കടമ,’ സുകുമാരൻ നായർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗണേഷ് കുമാർ എൻഎസ്എസിനെയും സുകുമാരൻ നായരെയും നിശിതമായി വിമർശിച്ചിരുന്നു. എൻഎസ്എസിനെ ചില വ്യക്തികൾ നിയന്ത്രിക്കുകയാണെന്നും മന്നത്തു പത്മനാഭൻ സ്ഥാപിച്ച മഹത്തായ സംഘടനയെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റുകയാണെന്നും ഗണേഷ് പറഞ്ഞിരുന്നു.

