തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുദ്രാവാക്യം ആകർഷകമായില്ലെന്ന് സിപിഎം വിലയിരുത്തൽ . ‘ ‘എൽ ഡി എഫ് അല്ലാതെ മറ്റാരുണ്ട് ‘ എന്ന മുദ്രാവാക്യത്തെ കുറിച്ചാണ് വിമർശനം. മുൻ തെരഞ്ഞെടുപ്പുകളിലെ പോലെ വോട്ടർമാരെ ആകർഷിക്കാൻ മുദ്രാവാക്യത്തിനോ, പ്രകടനപത്രികയ്ക്കോ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ.
കൂടാതെ നേതാക്കൾ പെരുമാറ്റം നന്നാക്കണം . പാർട്ടി നേതാക്കളുടെയും, പ്രവർത്തകരുടെയും പെരുമാറ്റത്തെ കുറിച്ചും വ്യാപകമായ പരാതികളുണ്ടെന്നാണ് വിലയിരുത്തൽ . ജനസൗഹാർദപരമായ സമീപനത്തിലേയ്ക്ക് പാർട്ടി നേതാക്കളും, പ്രവർത്തകരും സ്വയം മാറണമെന്നും സിപിഎം അവലോകനറിപ്പോർട്ടിൽ പരാമർശമുണ്ടായി.
പാർട്ടിക്കകത്തെ തെറ്റായ പ്രവണതകളും അവമതിപ്പുണ്ടാക്കി. സഹകരണ ബാങ്ക് ക്രമക്കേടുകൾ ഇത്തരം അവസ്ഥയ്ക്ക് കാരണമായി. ആഡംബര ജീവിത ശൈലിയും ജനങ്ങളിൽ അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തലുണ്ടായി. അതേസമയം തളിപ്പറമ്പിലെയും , പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച്ചയുണ്ടായെന്നാണ് സിപിഎം റിവ്യൂ റിപ്പോർട്ട്. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകിയതിലാണ് വീഴ്ച്ച. ചാത്തന്നൂരിലെയും, ചടയമംഗലത്തെയും പരാജയങ്ങളിൽ സിപിഐയെയാണ് സിപിഎം പഴിക്കുന്നത്.
ഈ പരാജയത്തിനു കാരണം സിപിഐയിലെ സംഘടനപ്രശ്നങ്ങളാണെന്നും സിപിഎം റിവ്യൂ റിപ്പോർട്ടി പറയുന്നു. പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വത്തിന് തള്ളാൻ കഴിയുമായിരുന്നു. പയ്യന്നൂരിൽ ടികെ മധുസൂദനനെ മാറ്റി നിർത്താൻ പാർട്ടി നേതൃത്വം പറയാതിരുന്നതും വീഴ്ച്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

