തിരുവനന്തപുരം : കൊലപാതക ശ്രമക്കേസിൽ അറസ്റ്റിലായ കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് വീട് വളഞ്ഞ് പൊലീസ് സുഗതനെ അറസ്റ്റ് ചെയ്തത് .പോലീസിനെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഴോട്ടുകോണം കൗൺസിലറാണ് സുഗതൻ .
ഒരു മാസത്തിലേറെയായി ഇയാൾ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ നടന്ന കൊലപാതക ശ്രമവുമായി ബന്ധപ്പെട്ടാണ് സുഗതനെതിരെ പോലീസ് കേസെടുത്തത്. മുൻ കൂർ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒളിവിലായിരുന്ന സുഗതൻ വാഴോട്ടുകോണത്ത് എത്തിയെന്ന് അറിഞ്ഞാണ് എസ്എച്ച്ഒ വിപിനും പോലീസ് സംഘവും സ്ഥലത്തെത്തിയത് . ഈ സമയം, സുഗതന്റെ സുഹൃത്തുക്കളും സംഘടിച്ചെത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ എസ്എച്ച്ഒയ്ക്ക് വെടിയുതിർക്കേണ്ടിവന്നു. പിന്നീടാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, സുഗതനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് വീട്ടിൽ ഭീകരാന്തരീക്ഷമാണ് ഉണ്ടാക്കിയതെന്ന് സുഗതന്റെ ഭാര്യ അശ്വതി പറഞ്ഞു. ഒരു വനിതാ പോലീസുകാരി പോലും ഇല്ലാതെയാണ് സംഘം എത്തിയതെന്നും കുട്ടികളെ ഭയപ്പെടുത്തിയതെന്നും അശ്വതി മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു പ്രകോപനവുമില്ലാതെ പോലീസ് സംഘം വീട്ടിൽ കയറി ഉപദ്രവിച്ചു. എന്റെ താലിമാല വരെ പൊട്ടിച്ച ശേഷമാണ് അവർ പോയത്. അവർ ഇതുവരെ അത് തിരികെ നൽകിയിട്ടില്ല. അവർ എന്നെ അടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. കുട്ടികളെ ഭയപ്പെടുത്തി,’ അശ്വതി പറഞ്ഞു.
അതേസമയം, കൗൺസിലർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ കാർത്തിക് പറഞ്ഞു. സുഗതന്റെ ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റതായും കമ്മീഷണർ വ്യക്തമാക്കി. വെടി ഉതിർത്ത സംഭവത്തിൽ എസിപിയോട് റിപ്പോർട്ട് തേടി. കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് (കെഎഎപിഎ) പ്രകാരമാണ് അറസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുഗതന്റെ ഭാര്യയെ ഉപദ്രവിച്ച സംഭവം അന്വേഷിക്കുമെന്നും കാർത്തിക് പറഞ്ഞു.

