കൊച്ചി : സിപിഎം ഉന്നത നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി . കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പി ബി അംഗത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്നാണ് വിനോദിനി സ്വകാര്യ മാഗസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. കോടിയേരി മരിച്ച ശേഷം പാർട്ടിയ്ക്ക് കുടുംബത്തോടുള്ള സമീപനം എങ്ങനെയായിരുന്നുവെന്ന ചോദ്യത്തിനായിരുന്നു വിനോദിനിയുടെ മറുപടി.
സിപിഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നുവെന്ന് വിനോദിനി പറയുന്നു. കോടിയേരി മരിച്ച ശേഷം കുടുംബത്തെ ആരും തിരിഞ്ഞു നോക്കിയില്ല. ആവശ്യത്തിന് വിളിച്ചാൽ പോലും ഉന്നത പദവിയിലിരിക്കുന്ന ആൾ ഫോൺ എടുക്കാറില്ല . നാലു വർഷത്തിനിടെ ഒരിക്കൽ പോലും കുടുംബത്തിന്റെ കാര്യം ആരും അന്വേഷിച്ചിട്ടില്ലെന്നും വിനോദിനി പറയുന്നു.
‘ കോടിയേരി ബാലകൃഷ്ണന്റെ മരണവും, സംസ്ക്കാരവും കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി. ഉദ്ദേശിക്കുന്ന തരത്തിൽ പിന്നീട് നേതൃത്വത്തിൽ നിന്ന് ആരും ഞങ്ങളെ വിളിച്ചിട്ടില്ല . നീ ഒക്കെയാണോ എന്ന് പോലും ആരും ഞങ്ങളെ വിളിച്ച് തിരക്കിയിട്ടില്ല . പിണറായി വിജയൻ വിളിച്ചാൽ ഫോൺ എടുക്കുകയും , തിരിച്ച് വിളിക്കുകയും ചെയ്യും . താൻ പറയുന്നത് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു നേതാവിനെ കുറിച്ചാണെന്നും‘ വിനോദിനി പറയുന്നു.
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം എം വി ഗോവിന്ദന്റെയും, പിണറായിയുടെയും ധാർഷ്ട്യമാണെന്ന മട്ടിൽ പല യോഗങ്ങളിലും വിമർശനങ്ങൾ ഉയർന്നിരുന്നു . അതിനു പിന്നാലെയാണ് ഉന്നത പദവിയിലിരുന്ന കോടിയേരിയുടെ കുടുംബം തന്നെ എം വി ഗോവിന്ദനെതിരെ രംഗത്തെത്തിയിരിക്കുന്നത് .

