പത്തനംതിട്ട ; ശബരിമല സ്വർണ്ണമോഷണക്കേസിലെ ഫോറൻസിക് ഫലങ്ങൾ അടുത്ത ആഴ്ച്ച വന്നേക്കുമെന്ന് റിപ്പോർട്ട് . ക്ഷേത്ര ശ്രീകോവിലിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ വിശകലനം ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ ആണ് നടത്തിയത് . ഇതിന്റെ പരിശോധന പൂർത്തിയായി . റിപ്പോർട്ടുകൾ അടുത്ത ആഴ്ച്ച അന്വേഷണ സംഘത്തിന് കൈമാറും .
1998 ൽ വ്യവസായി വിജയ് മല്യയാണ് ശ്രീകോവിലിന്റെ ഭാഗങ്ങൾ സ്വർണ്ണം പൂശിയത് . ആ സമയത്ത് ഉപയോഗിച്ച് ചെമ്പ് തകിടുകൾ തന്നെയാണോ ഇപ്പോഴും സന്നിധാനത്ത് ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. 28 വർഷത്തോളം പഴക്കമുള്ളവയാണിതെങ്കിൽ 2019 ൽ പാളികൾ മാറ്റിയിട്ടില്ലെന്ന് കാര്യം ഉറപ്പിക്കാം. .
എന്നാൽ ഏഴ് വർഷം മാത്രമേ പഴക്കമുള്ളൂ എങ്കിൽ 2019 ൽ പാളിയടക്കം സ്വർണ്ണം കവർന്നതായി ഉറപ്പിക്കാം . അത് വ്യക്തമാക്കുന്നതാണ് പരിശോധനഫലം. നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കുന്നതുവരെ കാത്തിരിക്കാതെ കുറ്റപത്രം സമർപ്പിക്കാനും ഇതിലൂടെ സാധിക്കും .
2019 ൽ പാളികൾ മാറ്റാതെയാണ് സ്വർണ്ണം മോഷ്ടിച്ചിട്ടുള്ളതെങ്കിൽ അതും പരിശോധനയിൽ വ്യക്തമാകും . ഇതിനായി മറ്റ് ഭാഗങ്ങളിൽ നിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഈ ഭാഗങ്ങളിലെ സ്വർണ്ണം 28 വർഷം പഴക്കമുള്ളതും, സംശയിക്കപ്പെടുന്ന ഭാഗങ്ങളിൽ നിന്നുള്ള സ്വർണ്ണം ഏഴ് വർഷം പഴക്കമുള്ളതുമാണെങ്കിലും മോഷണം ഉറപ്പിക്കാമെന്നാണ് സൂചന .
സ്വര്ണപ്പാളി പരിശോധനയ്ക്ക് ശേഖരിച്ചത് 36 സാമ്പിളുകളാണ്. ശബരിമലയിലെത്തി ദ്വാരപാലക ശില്പങ്ങളിലെ സാമ്പിളുകള് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സാമ്പിളുകൾ ആദ്യം വിഎസ്എസ്സിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നുവെങ്കിലും ഈ റിപ്പോർട്ടിൽ പൂർണ്ണ വ്യക്തതത ഉണ്ടായിരുന്നില്ല .
വിഎസ്എസ്സി റിപ്പോർട്ടിലെ ആശയക്കുഴപ്പം, യഥാർത്ഥ സ്വർണ്ണം പൂശിയ ചെമ്പ് ഷീറ്റുകൾ പൂർണ്ണമായും നീക്കം ചെയ്ത് പുതിയവ സ്ഥാപിച്ചോ എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു. 1998 ൽ, ശബരിമല ശ്രീകോവിലിലെ ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ യുബി ഗ്രൂപ്പ് മെർക്കുറി ഉപയോഗിച്ചു. എന്നാൽ, ചില പാളികളിൽ മെർക്കുറിയുടെ അംശം ഇല്ലെന്ന് പരിശോധനാ റിപ്പോർട്ട് കണ്ടെത്തി.തുടർന്ന് മറ്റൊരു ഏജൻസി വഴി വീണ്ടും പരിശോധനയ്ക്ക് കോടതിയുടെ അനുമതി വാങ്ങിയിരുന്നു.

