പത്തനംതിട്ട : പാർട്ടിയുടെ അടൂർ ഏരിയ കമ്മിറ്റി യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷ വിമർശനം . ജയൻ സിനിമയിലെ ‘ചം ചാച്ചാ ചോം ചാച്ചാ’ എന്ന ഗാനം എഴുതിയവർക്കോ, അത് രചിച്ചവർക്കോ, പാടിയവർക്കോ, കേട്ടവർക്കോ അതിന്റെ യഥാർത്ഥ അർത്ഥം അറിയില്ല. എം.വി. ഗോവിന്ദന്റെ പത്രസമ്മേളനങ്ങൾ അങ്ങനെയാണ്.
വൻ പരാജയത്തിന് ശേഷവും പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് അംഗീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള മാതൃകാപരമായ തിരുത്തൽ നടപടിയായി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും നിരവധി അംഗങ്ങൾ ആവശ്യപ്പെട്ടു.
എൽഡിഎഫിന് വോട്ട് നൽകാമെന്ന് പറഞ്ഞ് അടൂരിലെ ചില സമുദായ നേതാക്കൾ പണം സ്വീകരിച്ചതായും യോഗത്തിൽ അംഗങ്ങൾ ആരോപിച്ചു. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ സിപിഐ ഒന്നും ചെയ്തില്ല, ചിറ്റയം ഗോപകുമാറിനെതിരായ നെഗറ്റീവ് വോട്ടുകളാണ് പരാജയത്തിന് ഒരു കാരണം, സിപിഐയുടെ സംഭാവന പ്രിജി കണ്ണനെ രംഗത്തിറക്കിയതായിരുന്നു , മൃദുലമുഖമുള്ള സ്ഥാനാർത്ഥിയെന്ന് വിശേഷിപ്പിച്ചാണ് അവരെ ഇറക്കിയത് തുടങ്ങിയ വിമർശനങ്ങളും യോഗത്തിൽ ഉണ്ടായി.
അതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഡൽഹിയിൽ ആരംഭിച്ചു. മൂന്ന് ദിവസത്തെ യോഗം കേരളത്തിലെ പാർട്ടിയുടെ പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യും. നേരത്തെ, വിശദമായ അവലോകന റിപ്പോർട്ട് തയ്യാറാക്കാൻ പൊളിറ്റ്ബ്യൂറോ സംസ്ഥാന ഘടകത്തോട് നിർദ്ദേശിച്ചിരുന്നു. യോഗത്തിൽ സംസ്ഥാന നേതൃത്വം പ്രാഥമിക വിലയിരുത്തൽ അവതരിപ്പിക്കുമെന്നാണ് സൂചന.
ഓൺലൈൻ പിബി യോഗത്തിൽ നിരവധി പൊളിറ്റ്ബ്യൂറോ അംഗങ്ങൾ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയമിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തെ എതിർത്തിരുന്നു . കേന്ദ്ര കമ്മിറ്റിയിലും സമാനമായ എതിർപ്പുകൾ ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് മാറ്റമില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. പോളിറ്റ് ബ്യൂറോയുടെ അംഗീകാരത്തോടെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

