ഒരു പതിറ്റാണ്ടിന് ശേഷം വ്യക്തമായ ജനവിധിയുടെ അടിസ്ഥാനത്തിൽ വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ സത്യവാചകം ചൊല്ലി അധികാരമേറ്റു. മുഖ്യമന്ത്രിയും 20 മന്ത്രിമാരുമാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങൽ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശന് പുറമേ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, ബിന്ദു കൃഷ്ണ, റോജി എം ജോൺ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദ്ദീൻ, കെ എം ഷാജി, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്.
എം എൽ എമാരുടെ സത്യപ്രതിജ്ഞ മെയ് 21ന് നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. അപു ജോൺ ജോസഫ് ആയിരിക്കും സർക്കാർ ചീഫ് വിപ്പ്. ജി സുധാകരനെ പ്രോ ടേം സ്പീക്കർ ആക്കാനും തീരുമാനമായി. മെയ് 22ന് സ്പീക്കർ തിരഞ്ഞെടുപ്പും മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവും ഉണ്ടാകും.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങൾ നടത്താൻ വി ഡി സതീശന് സാധിച്ചു. ആശ വർക്കർമാരുടെ ഓണറേറിയം 3000 രൂപ വർദ്ധിപ്പിച്ചു. അംഗൻവാടി ജീവനക്കാർ, പ്രീ പ്രൈമറി ആയമാർ, പാചക തൊഴിലാളികൾ തുടങ്ങിയവർക്ക് 1000 രൂപ വീതം കൂട്ടി. ജൂൺ 15 മുതൽ കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കും. കൂടാതെ, നവകേരള സദസ്സിനിടെ പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായിയുടെ ഗണ്മാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനപ്രിയ പ്രഖ്യാപനങ്ങൾ അനവധിയാണെങ്കിലും, നയപ്രഖ്യാപന പ്രസംഗത്തിലേക്ക് ആകാംക്ഷയോടെയാണ് പൊതുജനങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത് എന്നത് വ്യക്തമാണ്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷക പ്രശ്നങ്ങൾ, സഹകരണ ബാങ്കുകളിലെ അഴിമതികൾ, തകർച്ചയിലായ ആരോഗ്യ മേഖല, പ്രതിസന്ധി നേരിടുന്ന പൊതുവിതരണ സംവിധാനം, വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങൾ, ലഹരി വ്യാപനം, ചെറുകിട വ്യവസായ മേഖല, തോട്ടം മേഖല എന്നിവ നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെ സർക്കാർ എങ്ങനെ അഭിസംബോധന ചെയ്യും എന്നത് പ്രധാനമാണ്.
ജനപ്രിയ പ്രഖ്യാപനങ്ങൾ കൈയ്യടി നേടുമ്പോഴും പല പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലും ഭിന്നാഭിപ്രായങ്ങളും ഉയർന്നിട്ടുണ്ട്. സ്വതവേ പ്രതിസന്ധിയിൽ നിന്നും കരകയറാൻ പാടുപെടുന്ന കെ എസ് ആർ ടി സിയെ, സ്ത്രീകളുടെ സൗജന്യ യാത്ര എങ്ങനെ ബാധിക്കും എന്നത് ചോദ്യചിഹ്നമാണ്. ഈ തീരുമാനം സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന ആശങ്ക ബസ് ഉടമകളുടെ സംഘടനകൾ ഉയർത്തി കഴിഞ്ഞു.
സ്വകാര്യ വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് തടയുന്ന ഉത്തരവുകൾ പുനഃപരിശോധിക്കുമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പ് കാലത്ത് വി ഡി സതീശൻ നൽകിയിരുന്നു. എന്നാൽ, സ്വകാര്യ വാഹനങ്ങളിൽ രൂപമാറ്റം വരുത്താൻ അനുവദിക്കുന്നത് അപകടങ്ങൾ കൂടാൻ കാരണമാകുമെന്ന വിമർശനം പൊതുവിലുണ്ട്. ഇത്തരം വാഹനങ്ങൾ ശബ്ദമലിനീകരണവും വായു മലിനീകരണവും വർദ്ധിപ്പിക്കുമെന്നും, ഇന്ധന ഉപഭോഗം കൂടാൻ കാരണമാകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഒരു വശത്ത് ലീഗും ജമാഅത്തെ ഇസ്ലാമിയും, മറുവശത്ത് എസ് എൻ ഡി പിയും എൻ എസ് എസ്സും എന്ന തരത്തിൽ ഉയർന്ന് വരുന്ന രാഷ്ട്രീയ- സാമുദായിക തർക്ക വിതർക്കങ്ങളെയും പരിഹരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് മേൽ ഉണ്ടാകും. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങൾ വലിയ തോതിൽ തല പൊക്കാതെ നോക്കേണ്ടി വരും. മദ്യനയവും അതിലെ ക്രൈസ്തവ സഭകളുടെ അഭിപ്രായങ്ങളും നിർണ്ണായകമാകും.
സഭയ്ക്കുള്ളിൽ അംഗബലം കുറവെങ്കിലും പ്രതിപക്ഷം എന്ന നിലയിൽ ഇടതുപക്ഷത്തിന്റെ പ്രകടനം എല്ലാ കാലവും ശക്തമായിരുന്നു എന്ന ചരിത്രം സർക്കാരിന് മുന്നിലുണ്ട്. ക്രമാനുഗതമായ വളർച്ച കൈവരിക്കുന്ന ബിജെപി ഉയർത്തുന്ന വിഷയങ്ങളെയും സർക്കാരിന് പൂർണ്ണമായി അവഗണിക്കാനാകില്ല. ഏതായാലും വ്യക്തമായ ഭൂരിപക്ഷത്തിന്റെ ബലത്തിൽ ആത്മവിശ്വാസത്തോടെ അധികാരമേറ്റ യുഡിഎഫ് സർക്കാരിന് കേരളത്തെ വികസനപാതയിൽ മുന്നോട്ട് നയിക്കാൻ സാധിക്കും എന്ന് തന്നെയാണ് ജനങ്ങളുടെ പ്രതീക്ഷ.

