കൊച്ചി: മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായി . സംവിധായകൻ കൂടിയായ പൃഥ്വിരാജ് തന്നെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ഫേസ്ബുക്കിൽ പങ്ക് വച്ചത് . മാർച്ച് 27 നാണ് ചിത്രത്തിന്റെ റിലീസ് .മലയാളത്തിന് പുറമേ തെലുങ്കിലും , കന്നഡയിലും , തമിഴിലും എമ്പുരാൻ പ്രദര്‍ശനത്തിന് എത്തും.
‘ ഇന്ന് പുലർച്ചെ 5.35 ന് മലമ്പുഴ റിസർവോയറിന്റെ തീരത്ത് എമ്പുരാന്റെ അവസാന ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിൽ കാണാം’, എന്നാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. കലാകാരൻ എന്ന നിലയിൽ എന്നും നിധിപോലെ സൂക്ഷിക്കുന്ന സവിശേഷമായ അദ്ധ്യായമായിരിക്കും എമ്പുരാൻ എന്ന് മോഹൻലാലും ഫേസ്ബുക്കിൽ കുറിച്ചു.
സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ എത്തിയ ലൂസിഫർ ആഗോള ബോക്സ് ഓഫീസിൽ 150 കോടിയാണ് നേട്ടം കൊയ്തത്.എന്നാൽ എമ്പുരാനിൽ സ്റ്റീഫൻ നെടുമ്പള്ളിയ്ക്കായിരിക്കില്ല . മറിച്ച് ഖുറേഷി അബ്രാമിനാകും പ്രാധാന്യമെന്നാണ് സൂചന
മഞ്ജുവാര്യർ, ഇന്ദ്രജിത്ത്,ടൊവിനോ തോമസ്, സായ് കുമാർ, ബൈജു സന്തോഷ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം സുജിത് വാസുദേവ് ആണ് . ദീപക് ദേവ് ആണ് സംഗീതമൊരുക്കിയത്.