ധാക്ക: ഇന്ത്യയും ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദർശിക്കാനിരിക്കെ, പ്രതികരണവുമായി ബംഗ്ലാദേശ് സർക്കാർ. ഇന്ത്യയുമായുള്ള ഊഷ്മളമായ ബന്ധം കൂടുതൽ ശക്തമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മാദ്ധ്യമ സെക്രട്ടറി ഷഫീഖുൽ ആലം അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴമുള്ളതാക്കാൻ ശ്രമിച്ചു വരികയാണ്. വരും ദിവസങ്ങളിൽ ഇതിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങുമെന്നും മുഹമ്മദ് യൂനുസ് സർക്കാരിനെ ഉദ്ധരിച്ച് ആലം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തെ ബംഗ്ലാദേശ് സ്വാഗതം ചെയ്യുകയാണ്. പരസ്പരം ഗുണമുള്ള കാര്യങ്ങളായിരിക്കും ചർച്ചയിൽ ഉന്നയിക്കപ്പെടുക. രണ്ട് അയൽ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതാണ് മേഖലക്ക് ഗുണകരമെന്നും ആലം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ഇന്ത്യൻ സ്ഥാനപതി പ്രണയ് വർമ്മയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി വിളിച്ച് വരുത്തിയതായി ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ത്രിപുരയിലെ ബംഗ്ലാദേശ് സ്ഥാനപതി കാര്യാലയത്തിന് നേരെ പ്രതിഷേധങ്ങൾ അരങ്ങേറിയതിന് പിന്നാലെയായിരുന്നു നടപടി.