ധാക്ക : ബംഗ്ലാദേശിലെ ഇസ്കോൺ സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിന് പിന്നാലെ മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു . ചറ്റോഗ്രാമിൽ വച്ചാണ് ശ്യാം ദാസ് പ്രഭു എന്ന പുരോഹിതൻ അറസ്റ്റിലായത്.. ഔദ്യോഗിക അറസ്റ്റ് വാറന്റോ, മുന്നറിയിപ്പോ ഇല്ലാതെയാണ് ശ്യാം ദാസ് പ്രഭുവിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.
ജയിലിൽ കിടക്കുന്ന ചിന്മയ് കൃഷ്ണ ദാസിനെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ .മറ്റൊരു പുരോഹിതനേക്കൂടി അറസ്റ്റ് ചെയ്ത വിവരം ഇസ്കോണിന്റെ ഉപാധ്യക്ഷന്‍ എക്സിലൂടെ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു.
രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.തങ്ങൾ ആര്യന്മാരാണെന്നും, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളാണെന്നും , ഈ മണ്ണ് വിട്ട് പോകില്ലെന്നുമുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായത് .
അറസ്റ്റിന് പിന്നാലെ രാജ്യത്തെ ഹിന്ദുസമൂഹം പ്രതിഷേധം കടുപ്പിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്കോൺ രംഗത്തെത്തി.