തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇമേജ് തിരിച്ചെടുക്കാൻ ശ്രമിക്കുന്ന സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ് മാസപ്പടിക്കേസിലെ ഹൈക്കോടതി വിധി . അഴിമതി നിരോധന നിയമം ചുമത്തി പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കണമെന്നാണ് കോടതി നിർദേശം.
തെരഞ്ഞെടുപ്പിലെ പരാജയം അവലോകനം ചെയ്യാൻ ചേർന്ന പാർട്ടി യോഗങ്ങളിൽ ആദ്യം ചർച്ചയായത് പോലും അഴിമതിയ്ക്കെതിരായ പാർട്ടി നടപടികളായിരുന്നു. അതുകൊണ്ട് തന്നെ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്നയാളെന്ന നിലയിൽ പിണറായിയെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിലനിർത്തുന്നത് പാർട്ടിയുടെ ഇമേജിനെ സാരമായി ബാധിച്ചേക്കാം . ഘടകകക്ഷിയായ സിപിഐ തന്നെ ഇക്കാര്യം ഉന്നയിക്കുമെന്നാണ് വിവരം .
അങ്ങനെയെങ്കിൽ പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്ന സിപിഐ ഇനി പ്രതിപക്ഷസ്ഥാനം തന്നെ ആവശ്യപ്പെടുമോയെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ അഴിമതി നടന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ട സ്ഥിതിക്ക് പിണറായി വിജയൻ പ്രതിപക്ഷനേതൃസ്ഥാനം രാജിവെക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്തുമെന്നും ബിജെപി നേതാവ് ഷോൺ ജോർജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കേസ് എടുത്താൽ ദേശീയ തലത്തിൽ ഇഡിയോട് എടുക്കുന്ന സമീപനം കേരളത്തിൽ എത്തുമ്പോൾ ഇരട്ടത്താപ്പാകുന്നുവെന്ന രാഷ്ട്രീയ വിമർശനം നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് യുഡിഎഫ് . എതിരാളികളെ നേരിടാൻ മോദി സർക്കാർ ഇഡിയെ കരുവാക്കുന്നുവെന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുന്ന യുഡിഎഫ് തന്നെ ഇഡിയ്ക്ക് അനുകൂലമായി നീങ്ങുന്നത് തങ്ങളുടെ നിലപാടുകളെ തന്നെ തള്ളിപ്പറയുന്നതിന് തുല്യമാകുമെന്നും ചില യു ഡി എഫ് നേതാക്കൾ കരുതുന്നു. ഇഡി പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ എസ്ഐടി അന്വേഷണമെന്ന തീരുമാനം എടുത്തത് തന്നെ ദിവസങ്ങൾ വൈകിയായിരുന്നു.
എല്ലാത്തിനുമുപരിയായി കേന്ദ്ര ഏജൻസിയുടെ അന്വേഷണം തുടർന്നാൽ ഏതൊക്കെ കോൺഗ്രസ്സ് നേതാക്കളുടെ പേരുകളും പുറത്ത് വരുമെന്ന ഭയവുമുണ്ട്. അടുത്തിടെ ഷോൺ ജോർജ് പുറത്തുവിട്ട രേഖയിൽ വിഡി സതീശന്റെ അടക്കം പേരുണ്ടായിരുന്നു. പിണറായിയെ കുടുക്കാനും, മോദിയെ ഇറക്കാനും നടന്ന് ഒടുവിൽ കാത്തിരുന്ന കിട്ടിയ ഭരണം നഷ്ടപ്പെടുമോയെന്ന പരിഭ്രാന്തിയിലാണ് കോൺഗ്രസ്.

