ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ഝാൻസിയിലേക്കുള്ള താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം . ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിയുകയായിരുന്നു .സംഭവത്തിൽ ജനൽ ചില്ലുകൾ പൊട്ടി യാത്രക്കാർക്ക് പരിക്കേറ്റു.
ഡൽഹി-മഥുര റൂട്ടിലെ ഹോഡൽ, കോസികലൻ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം . താജ് എക്സ്പ്രസ് ട്രെയിനിന്റെ ഡി6 നമ്പർ കോച്ചിലേക്ക് അജ്ഞാതൻ പുറത്തുനിന്ന് ഇരുമ്പ് പൈപ്പ് എറിഞ്ഞു. പൈപ്പ് ട്രെയിനിന്റെ എമർജൻസി ജനാലയ്ക്ക് സാരമായ കേടുപാടുകൾ വരുത്തി. സീറ്റുകൾക്കിടയിൽ ഗ്ലാസ് കഷണങ്ങൾ ചിതറിത്തെറിച്ചു. ആക്രമണത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. തുടർന്ന് മഥുര സ്റ്റേഷനിൽ റെയിൽവേ ഡോക്ടർ രണ്ട് യാത്രക്കാർക്കും പ്രഥമശുശ്രൂഷ നൽകി.
വിവരം ലഭിച്ചതിനെത്തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), കൊമേഴ്സ്യൽ ഇൻസ്പെക്ടർ, സ്റ്റേഷൻ മാസ്റ്റർ ഓഫ് പബ്ലിക് വർക്ക്സ് (പിഡബ്ല്യുഐ) എന്നിവർ സ്ഥലത്തെത്തി . ആക്രമണത്തിന് ഉത്തരവാദികളെ കണ്ടെത്താൻ ആർ പി എഫ് അന്വേഷണം ആരംഭിച്ചു.സംഭവം പുറത്തുവന്നയുടനെ നടപടി സ്വീകരിച്ചതായി നോർത്ത് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ശശികാന്ത് ത്രിപാഠി പറഞ്ഞു. അജ്ഞാതരായ വ്യക്തികൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അന്വേഷണം നടക്കുകയാണ്. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

