കൊച്ചി: എറണാകുളം അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു . ആനയെ കൊണ്ടുവന്ന വാഹനത്തിന്റെ ഡ്രൈവർ വിഷ്ണുവാണ് മരിച്ചത് . ആനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണുവിനെ ആക്രമിച്ചത്. രണ്ടാമത്തെ പാപ്പാൻ പ്രദീപിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത് . കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിന് അടുത്തുള്ള മറ്റൊരു ക്ഷേത്രത്തിൽ ഉത്സവത്തിനായി കൊണ്ടുവന്നതാണ് ആനയെ . കുളിപ്പിച്ച ശേഷം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയപ്പോൾ പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നു . ആന അക്രമാസക്തമാകുന്നതിന് മുമ്പ് തന്നെ അസ്വസ്ഥകൾ കാണിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
ആന ഓടിയതോടെ ക്ഷേത്രപരിസരത്തുണ്ടായിരുന്ന നാട്ടുകാരും ചിതറി ഓടി. സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം രണ്ടര മണിക്കൂറിനുശേഷം, റാപ്പിഡ് റെസ്പോൺസ് ടീം മയക്കുവെടി വച്ചാണ് ആനയെ ശാന്തനാക്കിയത്.

