ശ്രീനഗർ : രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ മദ്രസയ്ക്ക് നിരോധനമേർപ്പെടുത്തിയതിനെതിരെ കശ്മീരിൽ കലാപം സൃഷ്ടിക്കാൻ ശ്രമം.ഷോപ്പിയാൻ ജില്ലയിലെ ഇമാം സാഹിബിൽ ദാറുൽ ഉലൂം ജാമിയ സിറാജ്-ഉൽ-ഉലൂം മദ്രസയ്ക്കാണ് സർക്കാർ നിരോധനമേർപ്പെടുത്തിയത്. മദ്രസയ്ക്കുള്ളിൽ ഭീകരതയുടെ വൻ ശൃംഖല പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനമേർപ്പെടുത്തിയത്.
നിരോധനത്തെത്തുടർന്ന് താഴ്വരയിൽ നിരവധി ഇസ്ലാം സംഘടനാ പ്രവർത്തകൾ എതിർപ്പുകളുമായി രംഗത്തെത്തി. സ്കൂളിലെ 800-ലധികം വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് വിലക്ക് പിൻവലിക്കണമെന്നാണ് ഇടത് ആക്ടിവിസ്റ്റുകൾ അടക്കം ആവശ്യപ്പെടുന്നത്. എന്നാൽ വിലക്ക് നീക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ജമ്മു കശ്മീർ പോലീസ് .
ദാറുൽ ഉലൂം ജാമിയ സിറാജ്-ഉൽ-ഉലൂമിൽ നിന്ന് പഠിച്ചിറങ്ങിയ 17 വിദ്യാർത്ഥികളാണ് രാജ്യത്തിന് ഭീഷണിയായി ഭീകരവാദികളായതും, ഒടുവിൽ കൊല്ലപ്പെട്ടതും . ഇത് സംബന്ധിച്ച് പുറത്ത് വന്ന ഇന്റലിജൻസ് റിപ്പോർട്ടുകളും ഈ മദ്രസ രാജ്യത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കുന്നു.
ഷോപ്പിയാൻ ജില്ലാ പോലീസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധന നടപടി സ്വീകരിച്ചതെന്നും, തിടുക്കത്തിൽ എടുത്തതല്ലെന്നും ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി . തീവ്രവാദം പ്രചരിപ്പിക്കുന്നതിലും തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിലും മദ്രസയ്ക്ക് ദീർഘകാലമായി പങ്കുണ്ടെന്ന് വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായും പോലീസ് പറഞ്ഞു.
“ഈ സ്ഥാപനത്തിലെ 17 പൂർവ്വ വിദ്യാർത്ഥികളെ മദ്രസയിലെ അധ്യാപകർ മസ്തിഷ്കപ്രക്ഷാളനം നടത്തി. അവർ തീവ്രവാദ സംഘടനകളിൽ ചേരുകയും പിന്നീട് സുരക്ഷാ സേനയുമായുള്ള വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയും ചെയ്തു. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതിന്റെ ഏജന്റായി ഈ മദ്രസയും അതിൽ ഉള്ളവരും മാറിയിരിക്കുന്നു “ പൊലീസ് പറഞ്ഞു.
നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങളുടെ കേന്ദ്രമായാണ് നിലവിൽ ഈ മദ്രസ പ്രവർത്തിക്കുന്നതെന്ന ഇന്റലിജൻസ് റിപ്പോർട്ടുകൾ സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചിരുന്നു. കൊല്ലപ്പെട്ട നിരവധി ഭീകരരുടെ അടുത്ത ബന്ധുക്കൾ ജാമിയ സിറാജ്-ഉൽ-ഉലൂമിന്റെ മാനേജ്മെന്റിൽ പ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിരോധിത സംഘടനയായ ജമാഅത്തെ-ഇ-ഇസ്ലാമിയിലെ അംഗങ്ങൾ നിയമനടപടികൾ ഒഴിവാക്കുന്നതിനും രഹസ്യമായി അവരുടെ ദേശവിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനുമായി ഈ മദ്രസയിൽ പ്രവർത്തിച്ചു.
ദാറുൽ ഉലൂം ജാമിയ സിറാജ്-ഉൽ-ഉലൂമിനെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ (യുഎപിഎ) സെക്ഷൻ 8 പ്രകാരമാണ് നടപടികൾ ആരംഭിച്ചത്. നടപടിയുടെ സമയത്ത്, കശ്മീർ ഡിവിഷണൽ കമ്മീഷണർ സ്ഥാപന മാനേജ്മെന്റിന് നോട്ടീസ് നൽകി. അവരുടെ വാദം അവതരിപ്പിക്കാൻ പൂർണ്ണവും നീതിയുക്തവുമായ അവസരം നൽകിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

