തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ ശ്രീലേഖയെ പ്രതി ചേർത്തു. സംഘർഷം നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീലേഖയായിരുന്നു. ഡെപ്യൂട്ടി മേയർ ആർ ആശാ നാഥിനെതിരെയും കേസെടുത്തിട്ടുണ്ട്.
അഞ്ച് കൗൺസിലർമാർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മുൻ ഡിജിപിക്കെതിരെ കേസെടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് നടപടി. കേസിൽ അഞ്ചാം പ്രതിയാണ് ശ്രീലേഖ, ആറാം പ്രതി ആശാ നാഥ്. ഇതുസംബന്ധിച്ച് പോലീസ് പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചു.
ശ്രീലേഖയുടെ ‘പോട പുല്ലെ പോലീസ്’ എന്ന മുദ്രാവാക്യവും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മഹിളാ മോർച്ച നടത്തിയ മാർച്ചിലാണ് അവർ ഈ മുദ്രാവാക്യം വിളിച്ചത്. നെട്ടയത്ത് പാർട്ടി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ആക്രമിച്ചതായുള്ള പരാതിയാണ് പ്രതിഷേധത്തിന് കാരണമായത്.
സംഭവത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. അടുത്തിടെ നെട്ടയത്ത് നടന്ന ബിജെപി-സിപിഎം സംഘർഷത്തിനിടെ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ പോലീസ് മർദിച്ചതായി ആരോപണമുയർന്നിരുന്നു.
ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട ശ്രീലേഖ, പോലീസ് നടപടി വൈകിയാൽ താൻ വ്യക്തിപരമായി പ്രതിഷേധിക്കുമെന്നും, കുത്തിയിരിപ്പ് സമരം നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. തിരുവനന്തപുരം പോലീസ് കമ്മീഷണറെയും ഡിജിപിയെയും ഇക്കാര്യം അവർ അറിയിച്ചിരുന്നു. തുടർന്നാണ് പോലീസ് സ്റ്റേഷൻ മാർച്ചും പ്രതിഷേധവും ഉണ്ടായത് . മുദ്രാവാക്യം വിവാദമായതിന് ശേഷം, തന്നെ പോലീസിനെതിരെ മുദ്രാവാക്യം വിളിക്കാൻ പ്രേരിപ്പിച്ച സാഹചര്യങ്ങൾ വിശദീകരിച്ച് ശ്രീലേഖ ഫേസ്ബുക്കിൽ പോസ്റ്റും പങ്ക് വച്ചിരുന്നു

