തിരുവനന്തപുരം : മുണ്ടത്തിക്കോട് പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ അപകടത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊള്ളലേറ്റവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ , ആരോഗ്യവകുപ്പുകളുടെ എല്ലാ സംവിധാനങ്ങളെയും റവന്യു, ദുരന്തനിവാരണ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. തിരുവമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികൾ തയാറാക്കുന്ന വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം.

