തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ഇനിയും പല വിവരങ്ങളും പുറത്തുവരാനുണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ . മരംമുറിക്കാൻ അനുമതി നൽകിക്കൊണ്ട് അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് എങ്ങനെയാണ് ഉത്തരവിറക്കിയതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേസിൽ പ്രതികൾ ഗൂഢാലോചന നടത്തുന്നത് നേരിൽ കണ്ടുവെന്ന് അവകാശപ്പെട്ട മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ദുരൂഹമായ പല സാഹചര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്. ഗൗരവകരമായ കാര്യങ്ങൾ പരാമർശിച്ചുകൊണ്ടുള്ള പരാതി ഇന്ന് എനിക്ക് ഇമെയിൽ വഴി ലഭിച്ചു. മുട്ടിൽ മരംമുറി കേസിലെ പ്രതികൾ ഗൂഢാലോചന നടത്തുന്നത് നേരിൽ കണ്ടുവെന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു മാധ്യമപ്രവർത്തകൻ അവകാശപ്പെട്ടിരുന്നു. ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ട്. ഏത് സാഹചര്യത്തിലാണ് മരംമുറിക്കാൻ ജയതിലക് ഉത്തരവിറക്കിയതെന്ന് പരിശോധിക്കണം.
ഞാൻ ഇക്കാര്യം ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മുഖ്യമന്ത്രിയോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കും. അന്ന് സമർപ്പിച്ച കുറ്റപത്രത്തിലെ വീഴ്ചകൾ ബോധപൂർവമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്ന് ആകെ 108 ഈട്ടിമരങ്ങൾ പിടിച്ചെടുത്തിരുന്നു. മുട്ടിൽ മരംമുറി കേസിലെ പ്രതികളുമായി ബന്ധപ്പെട്ട് 41 കേസുകളാണുള്ളത്. ജയതിലക് എങ്ങനെയാണ് ഇത്രയും വിചിത്രമായ ഒരു ഉത്തരവിലേക്ക് എത്തിയതെന്നാണ് ഇനി കണ്ടെത്തേണ്ടത്,’ അദ്ദേഹം പറഞ്ഞു.

