ചെന്നൈ: പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കെതിരെ പുതിയ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതിനെത്തുടർന്ന് മരിച്ചുവെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അമ്മയാണ് രംഗത്തെത്തിയത്. പഠനകാര്യങ്ങളിൽ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വീരമണി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
പിന്നീട് 2016-ൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും, വീരമണി തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ജല്ലിക്കെട്ട് സമരത്തിനിടെ ഐസ് ഹൗസ് പോലീസ് സ്റ്റേഷന് നേരെ പ്രതിഷേധക്കാർ നടത്തിയ ആക്രമണത്തിൽ തീവെപ്പ് ഉണ്ടാവുകയും, അതുമൂലം കേസുമായി ബന്ധപ്പെട്ട രേഖകൾ നശിച്ചുപോവുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നേരത്തെ അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, വീരമണിയുടെ സ്വാധീനമാണ് കേസ് അവസാനിപ്പിക്കുന്നതിന് പിന്നിലെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.
പ്രായപൂർത്തിയാകാത്ത പത്തോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസുകളിൽ വീരമണി അറസ്റ്റിലായതിന് ശേഷമാണ് വീണ്ടും പരാതി നൽകാനുള്ള ധൈര്യം തനിക്കുണ്ടായതെന്നും അവർ പറഞ്ഞു. ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണി, അദ്ദേഹത്തിന്റെ സഹായി മഹേന്ദ്ര സിംഹൻ, സിംഹന്റെ ഭാര്യ ശാന്തി എന്നിവരെ ഓഗസ്റ്റ് 29-ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത പത്തോളം പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പോലീസിന് ലഭിച്ചതോടെയാണ് 2025 ഒക്ടോബറിൽ ഈ കേസ് ആരംഭിച്ചത്. വീഡിയോയിലുള്ളത് വീരമണിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. എന്നാൽ, വീഡിയോയിലുള്ള പെൺകുട്ടിയെ തിരിച്ചറിയാനോ കണ്ടെത്താനോ കഴിയാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
എന്നാൽ പോക്സോ കോടതി ഈ റിപ്പോർട്ട് തള്ളുകയും അന്വേഷണം തുടരാൻ പോലീസിനോട് നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായകമായ തെളിവുകൾ പോലീസിന് ലഭിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, ആദ്യം ലഭിച്ച വീഡിയോയിലുള്ള പെൺകുട്ടിയെ പോലീസ് തിരിച്ചറിഞ്ഞു. പിന്നീട് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. തുടർന്ന് വീരമണി, അദ്ദേഹത്തിന്റെ സഹായി മഹേന്ദ്ര സിംഹൻ, സിംഹന്റെ ഭാര്യ ശാന്തി എന്നിവരെ അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കവേ, വീരമണിക്കെതിരെ പരാതികളുമായി കൂടുതൽ സ്ത്രീകൾ പോലീസിനെ സമീപിച്ചിട്ടുണ്ട്.

