നടൻ ഗിന്നസ് പക്രു ശബരിമല സന്നിധാനത്ത് ദർശനം നടത്തി .ഇത് എട്ടാം തവണയാണ് അദ്ദേഹം ശബരീശസന്നിധിയിൽ എത്തുന്നത് . അയ്യപ്പദർശനം തന്നെ ഊർജ്ജമാണെന്നും , പതിനെട്ടാം പടി ചവിട്ടുന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ വൈകുന്നേരമാണ് മല കയറിയത്. ശബരി ലോഡ്ജിലായിരുന്നു താമസം. ഇന്ന് രാവിലെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്.
‘ ഒരു തവണ ഇവിടെ വന്ന് ഭഗവാനെ തൊഴുത് പോകുന്നവർക്ക് ആയുഷ്ക്കാലം മുഴുവൻ ആ ഊർജ്ജം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പതിനെട്ട് പടികളും പ്രത്യേക അനുഭവമാണ് നൽകുന്നത്. ശരണം വിളികൾക്കിടയിൽ അയ്യപ്പനെ കാണുമ്പോഴുള്ള അനുഭവം കണ്ടവർക്ക് മാത്രമേ മനസ്സിലാകൂ. കാണാത്തവർ വന്ന് ഒരു തവണയെങ്കിലും അയ്യപ്പനെ കാണണം . അയ്യപ്പനെ തൊഴുമ്പോൾ അയ്യപ്പൻ മാത്രമാണ് മനസ്സിൽ. മറ്റൊന്നും ആ സമയം മനസ്സിൽ വരില്ല.
മലകയറ്റം കുറച്ച് ബുദ്ധിമുട്ടായിരുന്നു. സമയം എടുത്ത് പതുക്കെ ഓരോ പോയിന്റിലും വിശ്രമിച്ച് സാവകാശമാണ് കയറിയത്. തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.ബന്ധുകളായ അഞ്ചുപേർക്കൊപ്പമായിരുന്നു ഗിന്നസ് പക്രുവിൻ്റെ ശബരിമല ദർശനം. തന്ത്രിയെയും , മേൽശാന്തിയെയും കണ്ട ശേഷമാണ് അദ്ദേഹം മലയിറങ്ങിയത് .