ഒരു പാർട്ടി… ഒരു സ്ഥാനാർത്ഥി… കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിയമസഭാമണ്ഡലത്തിന്റെ ചരിത്രം ഇതാണ്. മണ്ഡലം രൂപീകൃതമായതിന് പിന്നാലെ സിപിഐയുടെ ഇ ചന്ദ്രശേഖരൻ മാത്രമാണ് ഇവിടെ നിന്നും വിജയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു ചെറിയ ചെങ്കോട്ടയാണ് കാഞ്ഞങ്ങാട്.
2008 ലെ നിയമസഭാ പുനർനിർണയത്തിന് പിന്നാലെയാണ് കാഞ്ഞങ്ങാട് മണ്ഡലം രൂപീകൃതമായത്. 2011 ൽ ആദ്യ വോട്ടെടുപ്പ് നടന്നു. അതുവരെ ഹോസ്ദുർഗ് മണ്ഡലം എന്ന പേരിലാണ് കാഞ്ഞങ്ങാട് അറിയപ്പെട്ടിരുന്നത്. ഹോസ്ദുർഗ് മണ്ഡലം യുഡിഎഫിനും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയ്ക്കും പ്രജ സോഷ്യലിസ്റ്റ് പാർട്ടിയ്ക്കും അവസരം നൽകിയിട്ടുണ്ട്.
കാഞ്ഞങ്ങാട് നഗരസഭയും, അജാനൂർ, ബളാൽ, കള്ളാർ, കിനാനൂർ- കരിന്തളം, കോടോം – ബേളൂർ, മടിക്കൈ, പനത്തടി എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് കാഞ്ഞങ്ങാട് നിയമസഭാമണ്ഡലം. 2021 ലെ കണക്കുകൾ പ്രകാരം 2,81,185 വോട്ടർമാർ ഇവിടെയുണ്ട്. കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കാഞ്ഞങ്ങാട്.
2011 തിരഞ്ഞെടുപ്പിൽ സിപിഐ നേതാവ് ഇ. ചന്ദ്രശേഖരൻ 66,640 വോട്ടുകളായിരുന്നു നേടിയത്. 2016 ൽ 80,558 വോട്ടുകളും, 2021 ൽ 84615 വോട്ടുകളും നേടി. ഓരോ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉയർത്താൻ മണ്ഡലത്തിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ തിരഞ്ഞെടുപ്പിൽ 10,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു അദ്ദേഹം നേടിയത് എങ്കിൽ 2021 ആകുമ്പോഴേയ്ക്കും അത് 27,000 ത്തിലധികമായി ഉയർന്നു. ഇടതുപക്ഷത്തിന്റെ വർധിച്ചുവരുന്ന സ്വാധീനം കൂടിയാണ് ഈ ഭൂരിപക്ഷം പ്രതിഫലിപ്പിക്കുന്നത്.
ഇക്കുറി കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി എത്തുന്നത് സിപിഐയുടെ ഗോവിന്ദൻ പള്ളിക്കാപ്പിലാണ്. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി ഷൈജി ഒറ്റപ്പള്ളിയും എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ എം ബാൽരാജും മത്സരിക്കുന്നു. മണ്ഡലം അതിന്റെ നാലാമത്തെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ വിജയം ആർക്കെന്നകാര്യം അവ്യക്തം.

