ഏറെക്കാലമായി കാത്തു സൂക്ഷിച്ച താടി വടിച്ചതിന് ശേഷമുള്ള സുരേഷ് ഗോപിയുടെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ പല ഊഹപോഹങ്ങളും സമൂഹമാദ്ധ്യമങ്ങൾ പ്രചരിച്ചിരുന്നു. ഒറ്റക്കൊമ്പൻ എന്ന ചിത്രം സുരേഷ് ഗോപി ഉപേക്ഷിച്ചെന്നായിരുന്നു പ്രചാരണം . എന്നാൽ വിമർശകരുടെ വായടപ്പിച്ച് പുത്തൻ ലുക്കിലുള്ള പോസ്റ്റർ പങ്കുവച്ച് ഒറ്റക്കൊമ്പൻ അടുത്ത വർഷം എത്തുമെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ സുരേഷ് ഗോപി .
കേന്ദ്രമന്ത്രിയായിരിക്കെ അഭിനയിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല എന്നും വാർത്തകൾ വന്നിരുന്നു. ‘ഇനി ഊഹാപോഹങ്ങള്‍ക്ക് ഇടമില്ല, ഒറ്റകൊമ്പൻ 2025ല്‍ വരും ‘ എന്ന് വ്യക്തമാക്കുന്ന പോസ്റ്ററാണ് സുരേഷ് ഗോപി പങ്ക് വച്ചിരിക്കുന്നത് . താടിയുള്ള ചിത്രമാണ് പോസ്റ്റിലുള്ളത്.
22 സിനിമകളിൽ അഭിനയിക്കാമെന്ന് ഏറ്റതായും , ഇതറിഞ്ഞപ്പോൾ അമിത് ഷാ അപേക്ഷ എടുത്ത് എറിഞ്ഞതായും മുൻപ് സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നു. സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്.