തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചു. സിബിഐ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് ഹർജി നൽകിയത്.
റിപ്പോർട്ടിൽ മേൽ ഉടൻ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2018 സെപ്റ്റംബർ 25 ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്ക്കർ , മകൾ തേജസ്വി എന്നിവർ മരിച്ചത് . അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു സിബിഐ റിപ്പോർട്ട്.
ഡ്രൈവർ അർജുൻ അമിത വേഗതയിൽ വാഹമോടിച്ചതാണ് അപകടകാരണമെന്നാണ് സിബി ഐയുടെ കണ്ടെത്തൽ . 2018 സെപ്റ്റംബർ 25 ന് പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സി ആർ പി എഫ് ക്യാമ്പ് ജംഗ്ഷനു സമീപം ബാലഭാസ്ക്കറും, കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. തൃശൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം.
എന്നാൽ ബാലഭാസ്ക്കറിന്റേത് കൊലപാതകമാണെന്ന് മാതാപിതാക്കൾ ആരോപിച്ചു. മകന്റെ മരണത്തിൽ ഫലപ്രദമായ അന്വേഷണം നടന്നില്ലെന്നും പിതാവ് പറഞ്ഞു. അപകടസമയത്ത് കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണവും ശക്തമായിരുന്നു.

