ഭുവനേശ്വർ : ആൺസുഹൃത്തുക്കളുമായുള്ള സൗഹൃദം വിലക്കിയ വളർത്തമ്മയെ പതിമൂന്നു വയസ്സുകാരി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി . ഒഡീഷ സ്വദേശിയായ രാജലക്ഷ്മി കറാണ് കൊല്ലപ്പെട്ടത് . മക്കളില്ലാത്ത രാജലക്ഷ്മിയും , ഭർത്താവും തെരുവിൽ നിന്ന് എടുത്തു വളർത്തിയ പെൺകുട്ടിയാണ് ഈ ക്രൂരത കാട്ടിയത് .
13 വർഷം മുമ്പ് വഴിയരികിൽ നിന്നാണ് 3 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ രാജലക്ഷ്മിയ്ക്ക് ലഭിച്ചത് . തുടർന്ന് നിയമപരമായ രീതിയിൽ കുട്ടിയെ ദത്തെടുക്കുകയും സ്വന്തം മകളായി വളർത്തുകയും ചെയ്തു . എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയ്ക്ക് ആൺസുഹൃത്തുക്കളുമായി ഉണ്ടായിരുന്ന ബന്ധത്തെ രാജലക്ഷ്മി എതിർത്തിരുന്നു. ഇതിൽ പ്രകോപിതയായ പെൺകുട്ടി ആൺസുഹൃത്തുക്കളുമായി ചേർന്ന് രാജലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നു.ഏപ്രിൽ 29 നാണ് പെൺകുട്ടി വളർത്തമ്മയെ കൊലപ്പെടുത്തിയത്.സ്വത്ത് കൈവശപ്പെടുത്തുന്നതിനാണ് കൊലപാതകം നടത്തിയതെന്നും ആരോപണമുണ്ട്.
പെൺകുട്ടി രാജലക്ഷ്മിക്ക് ഉറക്ക ഗുളികകൾ നൽകിയ ശേഷം തലയിണകൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത് . തുടർന്ന് അമ്മയ്ക്ക് നെഞ്ച് വേദന വന്നുവെന്നും അനക്കമില്ലെന്നും അയൽക്കാരോട് പറഞ്ഞു . അടുത്ത ദിവസം, ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഭുവനേശ്വറിൽ അന്ത്യകർമങ്ങൾ നടത്തി. ഹൃദയാഘാതം മൂലമാണ് അമ്മ മരിച്ചതെന്നാണ് പെൺകുട്ടി രാജലക്ഷ്മിയുടെ ബന്ധുക്കളോടും പറഞ്ഞത് . രാജലക്ഷ്മിക്ക് മുമ്പ് ഹൃദയാഘാതം ഉണ്ടായിട്ടുള്ളതിനാൽ, ഇത് എല്ലാവരും വിശ്വസിക്കുകയും ചെയ്തു.
എന്നാൽ പെൺകുട്ടി ഭുവനേശ്വറിൽ മറന്ന് വച്ച മൊബൈൽ ഫോൺ രാജലക്ഷ്മിയുടെ സഹോദരൻ സിബ പ്രസാദ് മിശ്ര പരിശോധിച്ചപ്പോഴാണ് കൊലപാതക പദ്ധതിയെക്കുറിച്ചുള്ള വിവരം പുറത്ത് വന്നത് . വാട്ട്സ്ആപ്പ് ചാറ്റുകളിൽ രാജലക്ഷ്മിയെ കൊന്ന് ആഭരണങ്ങളും പണവും അപഹരിച്ചതിനെക്കുറിച്ചുള്ള പ്രത്യേക പരാമർശങ്ങളുണ്ടായിരുന്നു. തുടർന്നാണ് പെൺകുട്ടിയും സുഹൃത്തുക്കളും പിടിയിലായത്.

