ന്യൂഡൽഹി: ഇന്ത്യയിൽ നിലവിൽ ഇന്ധന പ്രതിസന്ധിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തെ പെട്രോളിയം, പാചകവാതക വിതരണം സുരക്ഷിതവും നിയന്ത്രണ വിധേയവുമാണ്. പെട്രോളിനോ ഡീസലിനോ പാചക വാതകത്തിനോ രാജ്യത്ത് എവിടെയും ക്ഷാമം നേരിടുന്ന സാഹചര്യമില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാൻ സംഘടിതവും ബോധപൂർവ്വവുമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ലോകത്താകമാനം രാജ്യങ്ങളിൽ വിലക്കയറ്റവും വിതരണ നിയന്ത്രണവും വാഹന നിയന്ത്രണവും നിർബന്ധിത അടച്ചുപൂട്ടലുകളും സംഭവിക്കുന്നുണ്ട്. ചില രാജ്യങ്ങളിൽ ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അത്തരം ഒരു സാഹചര്യവും ഇന്ത്യയെ സംബന്ധിച്ച് നിലവിലില്ല.
ഹോർമുസ് കടലിടുക്കിലെ നിലവിലെ സാഹചര്യത്തിലും, നാൽപ്പത്തിയൊന്നിലധികം വിതരണക്കാരിൽ നിന്ന് ഇന്ത്യക്ക് ആവശ്യമായ ഇന്ധനമെത്തിക്കാൻ നമുക്ക് സാധിക്കുന്നുണ്ട്. അടുത്ത 60 ദിവസം കണക്കിലാക്കി ദൈനംദിനം ഇന്ത്യയിലെ ക്രൂഡോയിൽ റിസർവ്വ് പരിഷ്കരിക്കപ്പെടുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

