ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നയാര എനർജി പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും വർദ്ധിപ്പിച്ചു. അസംസ്കൃത എണ്ണയുടെ ക്ഷാമം ചൂണ്ടിക്കാട്ടിയാണ് വില വർദ്ധിപ്പിച്ചത്. അതേസമയം , രാജ്യത്തെ മറ്റ് എണ്ണ കമ്പനികൾ വില വർദ്ധിപ്പിച്ചിട്ടില്ല. നയാരയുടെ പാത പിന്തുടർന്ന് അവരും വില വർദ്ധിപ്പിക്കുമോ എന്ന് വ്യക്തമല്ല.
നയാര എനർജിയുടെ എണ്ണ ശുദ്ധീകരണശാല 35 ദിവസത്തേക്ക് അടച്ചിടുന്നതായും റിപ്പോർട്ടുകളുണ്ട് . അറ്റകുറ്റപ്പണികളുടെ ഭാഗമായി ഏപ്രിൽ ആദ്യവാരം ഇത് അടച്ചിടും. ഇതോടെ, രാജ്യത്തിന്റെ ക്രൂഡ് ഓയിൽ ശുദ്ധീകരണ ശേഷിയിൽ ഏകദേശം എട്ട് ശതമാനം കുറവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. പ്രതിവർഷം 20 ദശലക്ഷം ടൺ ശുദ്ധീകരണ ശേഷിയുള്ള ഗുജറാത്തിലെ വാഡിനാർ ശുദ്ധീകരണശാല അടച്ചുപൂട്ടുന്നതായാണ് റിപ്പോർട്ട്.
രാജ്യത്തെ 7,000 നയാര പമ്പുകളിലേക്കും പൊതുമേഖലാ കമ്പനികളിലേക്കും ഇവിടെ നിന്നാണ് എണ്ണ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഇവിടെ അറ്റകുറ്റപ്പണി നടത്തേണ്ടതായിരുന്നു. എന്നാ;, യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധം കാരണം ഇത് മാറ്റിവച്ചു. അറ്റകുറ്റപ്പണികൾക്ക് ചില യൂറോപ്യൻ കമ്പനികളുടെ സഹായവും അത്യാവശ്യമാണ്. എന്നാൽ ഉപരോധങ്ങൾ കാരണം കമ്പനികൾ പങ്കെടുക്കാൻ വിസമ്മതിച്ചു.
നിലവിൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്കെതിരായ ഉപരോധം പിൻവലിച്ചതിനെത്തുടർന്നാണ് അറ്റകുറ്റപ്പണികൾക്ക് അവസരം ലഭിച്ചത്. നാല് വർഷത്തിലൊരിക്കലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഇതിനായി റിഫൈനറി അടച്ചിട്ടാലും, നയാര പമ്പുകൾ ഉൾപ്പെടെ ഇന്ധന പ്രതിസന്ധി ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആവശ്യത്തിന് പെട്രോളിയം ഉൽപ്പന്നങ്ങൾ ഇതിനകം സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
അതേസമയം, അറ്റകുറ്റപ്പണികൾക്കായി റിഫൈനറി അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല. റഷ്യൻ എണ്ണ കമ്പനിയായ റോസ്നെഫ്റ്റിന് നയാര എനർജിയിൽ ഓഹരിയുണ്ട്.

