ഡബ്ലിൻ: പോപ്പ് ലിയോ പതിനാലാമന് അഭിനന്ദനങ്ങൾ അറിയിച്ച് അയർലന്റ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റിന്റെ മാർപ്പാപ്പയായുള്ള സ്ഥാനാരോഹണം ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട നിമിഷമായിരുന്നു. ലോകം ഒരുപാട് വെല്ലുവിളികൾ നേരിടുന്ന സമയത്താണ് അദ്ദേഹം മാർപ്പാപ്പയായി ചുമതലയേൽക്കുന്നത് എന്നും ഹിഗ്ഗിൻസ് വ്യക്തമാക്കി.
പോപ്പ് ലിയോ പതിനാലാമന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. സമാധാനം, നീതി, മനുഷ്യരുടെ അന്തസ്സ് എന്നീ മൂല്യങ്ങളിലൂന്നി സ്നേഹത്തോടെയും അനുകമ്പയോടെയും നയിക്കുമെന്ന പോപ്പ് ലിയോയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. അയർലന്റിന് പരിശുദ്ധ സിംഹാസനവുമായി ആഴത്തിൽ വേരൂന്നിയ ബന്ധമുണ്ടെന്നും ഹിഗ്ഗിൻസ് കൂട്ടിച്ചേർത്തു.

