ഇന്ത്യക്കെതിരെ വളർത്തിയ ഭീകരർ ഒടുവിൽ തിരിഞ്ഞ് കൊത്തിയപ്പോൾ, ലോകത്തിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താൻ രണ്ടാം സ്ഥാനത്ത് എത്തി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്നു പട്ടികയിൽ പാകിസ്താൻ.
ഭീകരാക്രമണങ്ങൾ മൂലമുള്ള മരണങ്ങളിൽ 45 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം പാകിസ്താനിൽ ഉണ്ടായതെന്ന് 2025ലെ ആഗോള ഭീകരവാദ സൂചിക വ്യക്തമാക്കുന്നു. 2023ൽ പാകിസ്താനിൽ 748 പേർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടപ്പോൾ, 2024ൽ അത് 1081 ആയി ഉയർന്നു. ഭീകരാക്രമണങ്ങളുടെ എണ്ണവും ഇരട്ടിയായി. 2023ൽ 517 ഭീകരാക്രമണങ്ങൾ പാകിസ്താനിൽ ഉണ്ടായപ്പോൾ, 2024ൽ അത് 1099 ആയി ഉയർന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെയാണ് പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചത്. റിപ്പോർട്ട് പ്രകാരം പാകിസ്താനിലെ ഭീകരാക്രമണങ്ങളിൽ 52 ശതമാനത്തിനും ഉത്തരവാദികൾ തെഹ്രീക് ഇ താലിബാൻ പാകിസ്താൻ എന്ന ഭീകര സംഘടനയാണ്. പാകിസ്താനിലെ ഭീകരാക്രമണങ്ങളിൽ 96 ശതമാനവും നടന്നിരിക്കുന്നത് അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്താനിലും ഖൈബർ പക്തൂൺക്വയിലുമാണ്. മേഖലയിൽ ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ പ്രവർത്തനങ്ങളും പാകിസ്താന് തലവേദനയാകുകയാണ്.
ആഗോള ഭീകരവാദ സൂചിക പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുന്നത് ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ്. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് ഇപ്പോഴും ലോകത്തെ ഏറ്റവും ഭീകരമായ തീവ്രവാദ സംഘടന.