വാഷിംഗ്ടൺ : 154 കിലോ ഭാരമുള്ള വളർത്തമ്മ ശരീരത്തിൽ കയറിയിരുന്നതിനെ തുടർന്ന് 10 വയസുകാരന് ദാരുണാന്ത്യം. യുഎസിലെ ഇന്ത്യാന വാൽപാറൈസോയിൽ നിന്നുള്ള ഡക്കോട്ട ലെവി സ്റ്റീവൻസ് എന്ന 10 വയസ്സുകാരനാണ് മരിച്ചത്.വളർത്തമ്മയായ ജെന്നിഫർ ലീ വിൽസണാണ് കുസൃതി കാട്ടിയതിനു ശിക്ഷയായി കുട്ടിയുടെ ശരീരത്തിൽ കയറി ഇരുന്നത് . അശ്രദ്ധമായ കൊലപാതകത്തിന് 48 കാരിയായ ജെന്നിഫർ വിൽസണിന് ആറ് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
2023 ഏപ്രിൽ 25 നാണ് കുട്ടി മരണപ്പെടുന്നത്. ഡക്കോട്ടയുടെ കഴുത്തിലും നെഞ്ചിലും ചതവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയെന്നും അയൽക്കാരന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും ജെന്നിഫർ പോലീസിനോട് പറഞ്ഞിരുന്നു . തിരികെ കൊണ്ടുവന്നിട്ടും പുറത്ത് പോകാൻ കുട്ടി വാശി പിടിച്ചതായും ജെന്നിഫർ പറഞ്ഞു.
ഏകദേശം അഞ്ച് മിനിറ്റ് ആൺകുട്ടിയുടെ മേൽ ഇരുന്നതായി ജെന്നിഫർ സമ്മതിച്ചു. ഡക്കോട്ടയുടെ അനക്കം നിലച്ചപ്പോൾ അഭിനയിക്കുകയാണെന്നാണ് ജെന്നിഫർ ആദ്യം കരുതിയത്. പ്രശ്നമാമെന്ന് മനസിലായതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കരളിലും ശ്വാസകോശത്തിലും രക്തസ്രാവം ഉൾപ്പെടെ കുട്ടിയ്ക്ക് ഗുരുതരമായ ആന്തരിക പരിക്കുകൾ ഉണ്ടായിരുന്നു.